ചെന്നൈ: അടിക്കടി അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നതിൽ പ്രകോപിതനായി സ്വന്തം ഇലക്‌ട്രിക് സ്‌കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. തമിഴ്‌നാട്ടിലെ അമ്പത്തൂരിലാണ് സംഭവം. തിരുമുല്ലൈവയൽ സ്വദേശിയായ പാർത്ഥസാരഥി (38) ആണ് ഷോറൂമിന് മുന്നിൽവച്ച് തന്റെ ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ കത്തിച്ചത്.
മൂന്ന് വർഷം മുൻപാണ് 1.8 ലക്ഷം രൂപയ്ക്ക് പാർത്ഥസാരഥി ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. ഒരു മാസത്തിനുള്ളിൽ തകരാറുകൾ കണ്ടുതുടങ്ങിയെന്ന് യുവാവ് പറയുന്നു. ഓരോ മാസവും ശരാശരി 5000 രൂപ വണ്ടിയുടെ അറ്റകുറ്റപ്പണികൾക്കായി മാത്രം മാറ്റിവയ്ക്കേണ്ടതായി വരുന്നു. ഓരോ 5000 കിലോമീറ്ററിലും ബെയറിംഗുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും സ്‌പെയർ പാർട്‌സ് ലഭ്യമല്ലെന്ന് പറഞ്ഞ് സർവീസ് സെന്റർ സർവീസ് നീട്ടിവയ്ക്കുകയും ചെയ്തു. ബ്രേക്ക് പാഡുകളും വീൽ ബെയറിംഗുകളും ബെൽറ്റും മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടതിൽ കൂടുതൽ നിരാശനാവുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
സ്‌കൂട്ടറുമായി ഷോറൂമിലെത്തിയ യുവാവ് തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ അനുനയിപ്പിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. തുടർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പിന്നാലെ ജീവനക്കാർ പൊലീസിനെ അറിയിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. പൊലീസ് എത്തിയാണ് യുവാവിനെ പറഞ്ഞുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |