അല്ലു അർജുന്റെ പുഷ്പ 2 : ദ റൂൾ ഇന്നാണ് റിലീസ് ചെയ്തത്. സിനിമ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ആദ്യ ദിനം തന്നെ 250 കോടിയെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ കണ്ട ഭൂരിഭാഗം ആരാധകരും സിനിമയിലെ 'ജാത്താര' സീനിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ സൗദി അറേബ്യയിൽ ഈ രംഗം കട്ട് ചെയ്താണ് കാണിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സൗദി അറേബ്യയിലെ സെൻസർ ബോർഡ് ഈ രംഗം സൂക്ഷ്മമായി പരിശോധിച്ചുവെന്നും അവർ ഈ രംഗത്തെ ശക്തമായി എതിർത്തെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ ദേവതയുടെ വേഷത്തിൽ അല്ലു അർജുൻ എത്തുന്നുണ്ട്. സിനിമയിൽ ഹിന്ദു ദൈവങ്ങളെ കുറിച്ച് വ്യാപകമായ പരാമർശങ്ങളുണ്ടെന്നതും ബോർഡ് നിരീക്ഷിച്ചു.
സിനിമയുടെ 19 മിനിറ്റ് കട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത് ക്ലൈമാക്സിലേക്ക് നയിക്കുന്ന നിർണായക രംഗമായതിനാൽ സിനിമയുടെ ഒഴുക്കിനെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കുണ്ട്. അതേസമയം, ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗിലൂടെ നൂറ് കോടിയിലധികമാണ് ചിത്രം നേടിയത്. പുഷ്പയുടെ ഹിന്ദി പതിപ്പിനും ഗംഭീര വരവേൽപാണ് ലഭിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്‌ത ചിത്രത്തിൽ അല്ലു അർജുന് പുറമേ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ആദ്യഭാഗത്തെക്കാൾ മാസ് രംഗങ്ങളുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |