ലക്‌നൗ: 60 അടി ഉയരമുളള ആകാശത്തൊട്ടിലിൽ കുടുങ്ങിയ പെൺകുട്ടിയെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തി. ലഖിംപൂർ ഖേരിയിലെ രാകെഹ്തി ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. ഇവിടെ ദിവസങ്ങളായി നടന്നുവരുന്ന മേളയിൽ പങ്കെടുക്കാനെത്തിയ 13കാരിയാണ് അപകടത്തിൽപ്പെട്ടത്. ആകാശത്തൊട്ടിൽ കറങ്ങി തുടങ്ങിയതോടെ പെൺകുട്ടിയുടെ നിയന്ത്രണം നഷ്ടമാകുകയും പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഇതിനിടയിലാണ് കുട്ടി ഇരുമ്പ് കമ്പിയിൽ പിടിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെയാണ് ആകാശത്തൊട്ടിലിന്റെ പ്രവർത്തനം നിർത്തിയത്.
തുടർന്ന് ഓപ്പറേറ്ററും പ്രവർത്തകരും ഇടപെട്ടാണ് കുട്ടിയെ സുരക്ഷിതമായി നിലത്തിറക്കിയത്. പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ അറിയാൻ സാധിച്ചില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് നിഗാം പറഞ്ഞു. മേളയിൽ ആകാശത്തൊട്ടിൽ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസവും ഉത്തർപ്രദേശിൽ സമാനസംഭവം അരങ്ങേറിയിരുന്നു. കനൗജിൽ സംഘടിപ്പിച്ച ഒരു മേളയിൽ ആകാശത്തൊട്ടിലിൽ കയറിയ 14കാരിക്കാണ് ഗുരുതര പരിക്കേറ്റത്. ആകാശത്തൊട്ടിലിന്റെ ഇരുമ്പ് കമ്പിയിൽ കുട്ടിയുടെ മുടി കുടുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |