ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മലനീകരണത്തിന്റെ തോത് ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഡൽഹി സന്ദർശിക്കാൻ താൻ വിമുഖത കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം നഗരത്തിൽ സമയം ചെലവഴിക്കുന്നതിന് ഒരു പ്രധാന തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
'എല്ലാ തവണയും ഡൽഹിയിലേക്ക് വരുമ്പോൾ ഞാൻ ഒന്ന് ചിന്തിക്കും, പോകണമോ വേണ്ടയോ എന്ന്. ഇവിടുത്തെ മലിനീകരണം ദുസ്സഹമാണ്. എനിക്ക് ഇവിടെ താമസിക്കാൻ ഇഷ്ടമല്ല. ഇവിടത്തെ മലിനീകരണം കാരണം അണുബാധയേൽക്കാറുണ്ട്. ഞാൻ ഡൽഹിയിലേക്ക് വരുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പ് പ്രാണായാമം (യോഗാസനം) ചെയ്യാറുണ്ട്'- നിതിൻ ഗഡ്കരി പറഞ്ഞു.
ഡൽഹിയിലെ വായു മലിനീകരണ തോത് കുറച്ച് മെച്ചപ്പെട്ടുവരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച എയർ ക്വാളിറ്റി ഇൻഡക്സ് 165 ആണ്. അതിന് തൊട്ടുമുമ്പത്തെ ദിവസം ഇത് 178 ആയിരുന്നു. മലിനീകരണം കാരണം ജനജീവിതം ദുസ്സഹമായതോടെ കൃത്രിമ മഴ പെയ്യിക്കാൻ അനുമതി തേടി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്ര സർക്കാരിന് കത്ത് നൽകി.
ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ നടപ്പാക്കുന്ന കൃത്രിമമഴയിലൂടെ അന്തരീക്ഷത്തിലെ വിഷകണങ്ങളെ അടക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് കരുതുന്നു. ഒറ്റഇരട്ട അക്ക വാഹന നിയന്ത്രണവും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. വാഹനത്തിന്റെ അവസാന അക്കം ഒറ്റയാണെങ്കിൽ, ഒറ്റ അക്കത്തിന് അനുമതിയുള്ള ദിവസം ഓടിക്കാം. ഇരട്ട അക്കമാണെങ്കിൽ അതനുസരിച്ചും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെടണമെന്നും അടിയന്തര യോഗം വിളിക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു.
വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സുപ്രീംകോടതിയും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരുന്നു. പരമാവധി ഓൺലൈൻ ഹിയറിംഗ് തന്നെ നടത്താൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകിയതായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. അഭിഭാഷകരും കക്ഷികളും കോടതിയിൽ നേരിട്ടുവരണമെന്ന് നിർബന്ധിക്കില്ല. ദിവസങ്ങൾക്ക് മുമ്പ് രാജ്യതലസ്ഥാനത്തെ എല്ലാ സ്‌കൂൾ ക്ലാസുകളും ഓൺലൈനിലേക്ക് മാറിയിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ അടക്കം പല സർവകലാശാലകളും ഓൺലൈൻ മോഡിലേക്ക് മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |