തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) 36.01കോടിയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. 72ാമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. കെ.എഫ്.സിയുടെ 99.14 ശതമാനം ഓഹരിയും സംസ്ഥാന സർക്കാരിനാണ്. എസ്.ബി.ഐ, എൽ.ഐ.സി, എസ്.എം.ബി.ഐ എന്നിവരാണ് മറ്റ് ഓഹരി ഉടമകൾ.
മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ ബാങ്ക് 98.16 കോടി രൂപയുടെ അറ്റാദായവുമായി റെക്കാഡിട്ടു. വായ്പ, ആസ്തി 8011.99 കോടി രൂപയായി. മൊത്തം ആസ്തി 1328.83കോടിയായി. നിഷ്ക്രിയ ആസ്തി 2.88 ശതമാനത്തിൽ നിന്നും 2.67 ശതമാനമായി കുറഞ്ഞു. ചെറുകിട,ഇടത്തരം സംരംഭങ്ങൾക്ക് 4002.57കോടി രൂപയുടെ വായ്പ നൽകി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് അഞ്ച് ശതമാനം മുതൽ പലിശ നിരക്കിൽ വായ്പകൾ നൽകുന്ന പൊതുമേഖല ധനകാര്യ സ്ഥാപനം മികച്ച നേട്ടമുണ്ടാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കെ.എഫ്.സിയിലെ സർക്കാർ മൂലധനം 920 കോടി രൂപയാണ്. അതിൽ 500 കോടി രൂപയും നിക്ഷേപിച്ചത് ഇപ്പോഴത്തെ സർക്കാരാണ്.
വ്യവസായങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതിനൊപ്പം സർക്കാരിന് ലാഭവിഹിതവും നൽകാൻ കഴിഞ്ഞത് പ്രവർത്തനക്ഷമതയിലെ മികവാണെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിർലോഭമായ പിന്തുണയാണ് ഈ നേട്ടം കൈവരിക്കാൻ കരുത്തായതെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്‌ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |