ഭോപ്പാൽ : വിദ്യാർത്ഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പലിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഛത്തർപൂരിലെ ഡമോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ സുരേന്ദ്രകുമാർ സക്സേനയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ ടോയ്‌ലെറ്റിൽ മരിച്ച നിലയിലാണ് സുരേന്ദ്രകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സ്കൂളിലെ ടോയ്ലെറ്റിലേക്ക് പോയ സുരേന്ദ്രകുമാറിനെ പിന്തുടർന്നെത്തിയ വിദ്യാർത്ഥി അവിടെ വച്ച് തന്നെ വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ജീവനക്കാർ പ്രിൻസിപ്പലിന്റെ ഓഫീസിലും ടോയ്‌ലെറ്റിലും എത്തിയെങ്കിലും രക്ഷിക്കാനായില്ല. പ്രിൻസിപ്പലിന്റെ തലയിലാണ് വെടിയേറ്റത്. അഞ്ചു വർഷമായി ഈ സ്കൂളിലെ പ്രധാനാദ്ധ്യാപകനാണ് സുരേന്ദ്രകുമാർ സക്‌സേന.
അതേസമയം 12ാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി പ്രധാനാദ്ധ്യാപകന്റെ ബൈക്കിൽ സ്കൂളിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിയ്ക്കൊപ്പം ഒരു വിദ്യാർത്ഥി കൂടി ഉള്ളതായി പൊലീസ് പറഞ്ഞു. രണ്ടു വിദ്യാർത്ഥികൾക്കും എതിരെ അച്ചടക്ക ലംഘനത്തിന് നേരത്തെ നടപടിയെടുത്തിരുന്നു. ഇവർ രക്ഷപ്പെടുന്നത് സ്കൂളിലെ സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അഗം ജെയിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |