കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ എം.സി അബ്ദുൾ ഗഫൂർ ഹാജിയെ (53) കൊലപ്പെടുത്തിയ കേസിൽ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി കെ.ജെ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഉളിയത്തടുക്ക നാഷണൽ നഗർ തുരുത്തി സ്വദേശിയും മാങ്ങാട് കൂളിക്കുന്നിൽ താമസക്കാരനുമായ ടി.എം ഉവൈസ്(32), ഭാര്യ കൂളിക്കുന്ന് അണിഞ്ഞ റോഡിലെ കെ.എച്ച് ഷമീന എന്ന ജിന്നുമ്മ(31), പൂച്ചക്കാട് സ്വദേശിനിയും മുക്കൂട് ജീലാനി നഗറിൽ താമസക്കാരിയുമായ പി.എം അസ്നീഫ(36), മധൂർ കൊല്യയിലെ ആയിഷ(43) എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ഗഫൂർ ഹാജിയുടെ വീട്ടിലുണ്ടായിരുന്ന 596 പവൻ കാണാതായതോടെയാണ് മരണത്തിൽ സംശയമുയർന്നത്. അബ്ദുൾ ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണം നടന്നെങ്കിലും ലോക്കൽ പൊലീസിന് ഈ കേസ് തെളിയിക്കാനായില്ല. തുടർന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് അന്വേഷണ ചുമതല ഡി.സി. ആർ.ബിയെ ഏൽപ്പിക്കുകയായിരുന്നു. ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയവും സമർത്ഥവുമായ അന്വേഷണത്തിനൊടുവിലാണ് അബ്ദുൾഗഫൂർ ഹാജിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ സാധിച്ചത്.
കൊലപാതകം തല ചുമരിനിടിച്ച്
ഗഫൂർ ഹാജിയുടെ തല ചുമരിനിടിച്ചായിരുന്നു കൊലപാതകം. ദുർമന്ത്രവാദത്തിന്റെ ഭാഗമായി പ്രത്യേക വസ്ത്രം ധരിക്കണമെന്നും കർമ്മങ്ങൾ ഒറ്റയ്ക്കുചെയ്യണമെന്നും പ്രതികൾ ഗഫൂർ ഹാജിയെ വിശ്വസിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അബ്ദുൾഗഫൂർ ഭാര്യയും മകളും ഉൾപ്പെടെയുള്ളവരെ ബന്ധുവീട്ടലേക്ക് പറഞ്ഞയയ്ക്കുകയാണുണ്ടായത്. ഇവർ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
കൊല്ലപ്പെട്ട പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂർ ഹാജിയിൽ നിന്ന് മുമ്പ് പ്രതികൾ കൈക്കലാക്കിയ സ്വർണ്ണാഭരണങ്ങളിലെ കുറച്ചുഭാഗം അന്വേഷണസംഘം കാസർകോട്ടെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ അരമന ജ്വല്ലറിയിൽ നിന്നാണ് 29 പവൻ സ്വർണ്ണം കണ്ടെടുത്തത്. ബാക്കിയുള്ള സ്വർണ്ണം കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വീണ്ടും തെളിവെടുപ്പ് നടത്തും. അതിനായി കോടതിയിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. ആറു ജ്വല്ലറികളിലായി കവർച്ച ചെയ്ത സ്വർണ്ണം വിറ്റുവെന്നാണ് മൊഴി. എന്നാൽ കൂടുതൽ സ്വർണ്ണം മറ്റുചില ജ്വല്ലറികളിൽ പ്രതികൾ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |