തിരുവനന്തപുരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കിഴക്കേക്കോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിനും സ്വകാര്യ ബസിനും ഇടയിൽ ഞെരുങ്ങി കേരള ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം.
കോട്ടയ്ക്കകത്തെ കേരള ബാങ്ക് റീജിയണൽ ഓഫീസിൽ ജനറൽ അഡ്മിനിസ്ട്രേഷൻ സീനിയർ മാനേജർ കൊല്ലം കൂട്ടിക്കട വെൺപാലക്കര ഗ്യാലക്സിയിൽ എം.ഉല്ലാസ് (52) ആണ് മരിച്ചത്.
ചാലയിലെ പള്ളിയിൽ പോയശേഷം ഓഫീസിലേക്ക് മടങ്ങാനായി ഗാന്ധിപാർക്ക് ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇരുബസുകളുടെയും ഡ്രൈവർമാരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഗാന്ധിപാർക്കിന് എതിർവശം നോർത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ ട്രാഫിക് സിഗ്നൽ ലൈറ്റിന് മുന്നിലായിരുന്നു അപകടം. കോവളം ഭാഗത്ത് നിന്നുവന്ന കെ.എസ്.ആർ.ടി.സി ബസ് സിഗ്‌നലിൽ നിറുത്തിയിട്ടിരുന്നു. ഈ സമയം സ്വകാര്യബസ് കെ.എസ്.ആർ.ടി.സി ബസിനെ ഇടതുവശത്തുകൂടി മറികടന്ന് വലത്തേക്ക് യൂടേൺ എടുത്ത് ഗാന്ധിപാർക്ക് ഭാഗത്തേക്ക് തിരിഞ്ഞു. നിറുത്തിയിട്ട കെ.എസ്.ആർ.സി.സി ബസിന് മുന്നിലൂടെ നടന്നു പോകുകയായിരുന്ന ഉല്ലാസ് അതിനിടെ ഇരുബസുകൾക്കുമിടയിൽ പെട്ട് ഞെരിഞ്ഞമർന്നു.
കെ.എസ്.ആർ.ടി.സി ബസുമായി അകലം പാലിക്കാതെ ഇടതുവശത്തുകൂടി അമിത വേഗതയിൽ സ്വകാര്യബസ് ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. ഉല്ലാസിന്റെ ശരീരമാകെ ചതഞ്ഞരഞ്ഞു. ആന്തരികാവയവങ്ങൾ തകർന്ന് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്വകാര്യബസ് ഡ്രൈവർ അസീമിനെ ഒന്നാംപ്രതിയും, കെ.എസ്.ആർ.ടി സി ഡ്രൈവർ സെബാസ്റ്റ്യനെ രണ്ടാംപ്രതിയുമാക്കി ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ബി.ഗണേശ് കുമാർ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി.
ഉല്ലാസിന്റെ കബറടക്കം ഇന്ന് വൈകിട്ട് 4ന് മയ്യനാട് ആയിരംതെങ്ങ് ജുമാ മസ്ജിദ് (പടിഞ്ഞാറേ പള്ളി) കബർസ്ഥാനിൽ. ഭാര്യ:സുനിജ (ലൈബ്രേറിയൻ, സെക്രട്ടേറിയറ്റ്). മകൻ:അമൽ (കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |