ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസ് എം.പി അഭിഷേക് മനു സിംഗ്‌വിയുടെ ഇരിപ്പിടത്തിൽ 500 രൂപയുടെ നോട്ട് കെട്ടുകൾ കണ്ടെത്തിയെന്ന് അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ വെളിപ്പെടുത്തിയതിനെ ചൊല്ലി ബഹളം. ധൻകർ അന്വേഷണത്തിന് ഉത്തരവിട്ടു. എം.പിയുടെ പേര് പരസ്യമാക്കിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
ഇന്നലെ സഭ സമ്മേളിച്ചയുടൻ ബി.ജെ.പി എം.പിമാർ വ്യാഴാഴ്‌ച സഭയിൽ പരിശോധന നടത്തിയത് എന്തിനെന്ന് ചോദിച്ചു. മറുപടിയായി പതിവ് പരിശോധനയെന്നും എന്നാൽ ഒരു എം.പിയുടെ സീറ്റിൽ നിന്ന് നോട്ട് കെട്ട് കണ്ടെത്തിയെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. വ്യക്തത വേണമെന്ന് എം.പിമാർ ആവശ്യപ്പെട്ടപ്പോൾ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ ഇടപെട്ടു. തെലങ്കാനയിൽ നിന്നുള്ള എം.പിയായ സിംഗ്‌വിയുടെ 222-ാം നമ്പർ സീറ്റിൽ നിന്ന് 500 രൂപയുടെ നൂറ് കറൻസി നോട്ടുകൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തെന്ന് വിശദീകരിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും അറിയിച്ചു. സിംഗ് വിയുടെ പേരു പറഞ്ഞതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. ന്യായീകരിച്ച് ബി.ജെ.പി അംഗങ്ങളും. ബഹളത്തിനിടെ നടപടികൾ തടസപ്പെട്ടു.
500 രൂപ നോട്ട് കരുതാറുണ്ട്. മൂന്നു മിനിട്ട് മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഭക്ഷണം കഴിച്ച ശേഷം കോടതിയിലേക്ക് പോയി. നോട്ട് കെട്ടിന്റെ കാര്യം തമാശയായി തോന്നുന്നു. എം.പിമാർ ഇല്ലാത്തപ്പോൾ ആർക്കും കഞ്ചാവോ പണമോ വയ്ക്കാമെന്നതിനാൽ ഇരിപ്പിടത്തിന് ചുറ്റും താഴിട്ട് പൂട്ടാൻ പറ്റിയ ഗ്ളാസ് മതിൽ നല്ലതാണ്. കേന്ദ്രസർക്കാർ എല്ലാം രാഷ്‌ട്രീയവത്‌കരിക്കുന്നു
- അഭിഷേക് സിംഗ്‌വി
അന്വേഷണം പൂർത്തിയായി സംഭവത്തിന്റെ ആധികാരികത തെളിയുന്നതിന് മുൻപ് എം.പിയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല
-മല്ലികാർജ്ജുൻ ഖാർഗെ
പ്രതിപക്ഷ നേതാവ്
പതിവ് പരിശോധനയ്‌ക്കിടെയാണ് നോട്ട് കെട്ട് കണ്ടെത്തിയത്. എം.പിയുടെ പേര് പറഞ്ഞതിൽ തെറ്റില്ല. ഡിജിറ്റൽ ഇന്ത്യയിൽ സഭയിൽ നോട്ട് കെട്ടുമായി വരുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. അംഗങ്ങൾക്ക് ആശങ്കകളുണ്ട്. അന്വേഷണം നടക്കട്ടെ.
-കിരൺ റിജിജു
പാർലമെന്ററികാര്യ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |