മോസ്‌കോ: പുതുതായി വികസിപ്പിച്ച ഒറെഷ്‌നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ അടുത്ത വർഷം രണ്ടാം പകുതിയിൽ അയൽരാജ്യമായ ബെലറൂസിൽ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മിസൈൽ വൻതോതിൽ നിർമ്മിക്കാൻ പുട്ടിൻ നേരത്തെ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ മാസം യുക്രെയിനിലെ നിപ്രോയിലാണ് റഷ്യ ആദ്യമായി ഒറെഷ്‌നിക് പ്രയോഗിച്ചത്. ശബ്‌ദത്തിന്റെ പത്ത് മടങ്ങ് വേഗതയുള്ള (സെക്കൻഡിൽ 3 കിലോമീറ്റർ വരെ) ഒറെഷ്‌നിക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം) ആണെന്നാണ് യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും ആദ്യം കരുതിയത്.
എന്നാൽ പുട്ടിൻ തന്നെ പുതിയ മിസൈലിനെ പറ്റി വെളിപ്പെടുത്തുകയായിരുന്നു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഒറെഷ്‌നികിന് 3,000 - 5,000 കിലോമീറ്റർ വരെ പ്രഹര പരിധിയുണ്ടാകാമെന്ന് കരുതുന്നു. അതേ സമയം, കഴിഞ്ഞ വർഷം തന്നെ തന്ത്രപരമായ ആണവായുധങ്ങൾ റഷ്യ ബെലറൂസിൽ വിന്യസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |