പുഷ്‌പ 2 തിയേറ്ററിലെത്താൻ ദിവസമെണ്ണിയിരുന്നവർ കാത്തിരുന്നത് നായകൻ അല്ലു അർജുന്റെ പ്രകടനത്തിനൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലിന്റെ പ്രകടനം കാണാൻ കൂടിയാണ്. പുഷ്‌പയുടെ ഒന്നാം ഭാഗത്തിലെ ഗംഭീര പ്രകടനം ഫഹദിന് തെലുങ്കിൽ അനേകം ആരാധകരെ നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ പുഷ്‌പ 2വിലെ ഫഹദിന്റെ പ്രകടനത്തെക്കുറിച്ച് തെലുങ്ക് നടി പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. ഫഹദിന്റെ കടുത്ത ആരാധികയായ തെലുങ്ക് താരം രുഹാനി ശർമ്മ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
'ഫഹദ് ഫാസിൽ സാറിന്റെ എൻട്രിക്കായി ഞാൻ ആകാംഷാപൂർവ്വം കാത്തിരിക്കുകയായിരുന്നു. എന്നാൽ അവസാനം അത് സംഭവിച്ചപ്പോൾ എനിക്കദ്ദേഹത്തെ തിരിച്ചറിയാൻ പോലും സാധിച്ചില്ല. അദ്ദേഹം തന്നെയാണോ ഇതെന്ന് അടുത്തിരുന്ന സഹോദരനോട് ഞാൻ ചോദിച്ചു. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളായും എത്ര ലളിതമായാണ് അദ്ദേഹം മാറുന്നത്, അതാണ് ഫഹദ് സാറിന്റെ മാജിക്. ഇത് എഴുതുമ്പോൾ പോലും ഒരു കോരിത്തരിപ്പ് ഉണ്ടാവുന്നു. ഓരോ സീനിലും തന്റെ പ്രതിഭ പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.
സർ, ഏറെക്കാലമായി അങ്ങയുടെ വലിയ ആരാധികയാണ് ഞാൻ. ബിഗ് സ്‌ക്രീനിൽ അങ്ങയെ കാണുന്നത് എപ്പോഴും ഒരു വിരുന്നാണ്. അത്രയും തീവ്രമായ, താരതമ്യങ്ങൾക്കതീതമായ ആഴമാണ് താങ്കൾ കഥാപാത്രങ്ങളിലേയ്ക്ക് കൊണ്ടുവരുന്നത്. പുഷ്‌പ 2വിലെ പ്രകടനവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. താങ്കൾ ഈ മാസ്റ്റർപീസിലേയ്ക്ക് കൊണ്ടുവന്നത് എനിക്കേറെ ഇഷ്ടമായി. താങ്കളുടെ അഭിനയകലയ്ക്കും അർപ്പണത്തിനും അഭിനന്ദനങ്ങൾ'- രുഹാനി ശർമ്മ എക്‌സിൽ കുറിച്ചു.
അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുഷ്‌പ 2 കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. സുകുമാർ ആണ് സംവിധാനം നിർവ്വഹിച്ചത്. സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് നിർമ്മാണം. പുഷ്പയുടെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു. പുഷ്പയുടെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |