വൈദ്യുതി ബോർഡിന്റെ ആണ്ടുതോറുമുള്ള ഷോക്ക് ചികിത്സ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ നടപ്പായിക്കഴിഞ്ഞു. പണ്ടുകാലത്ത് മനോരോഗികളെ ഷോക്കടിപ്പിക്കുന്നത് ചികിത്സാരീതികളിലൊന്നായിരുന്നു. ഇന്നത്തെപ്പോലെ അത്യാധുനിക ചികിത്സാ മാർഗങ്ങൾ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡാകട്ടെ വൈദ്യുതി ഉപയോഗിക്കുന്ന സർവ്വരെയും മുടങ്ങാതെ ഷോക്കടിപ്പിച്ച് പരവശരാക്കിക്കൊണ്ടിരിക്കുകയാണ്. അഴിമതിയും ധൂർത്തും ആസൂത്രണമില്ലായ്‌മ മൂലമുണ്ടാകുന്ന പാഴ്‌ച്ചെലവുകളും നേരിടാനുള്ള എളുപ്പവഴിയായിട്ടാണ് കൂടക്കൂടെയുള്ള ഈ നിരക്കുവർദ്ധന. മാർച്ച് വരെയുള്ള കാലത്ത് ഇപ്പോഴത്തെ വർദ്ധന വഴി ബോർഡിന് 408 കോടി രൂപ അധികം ലഭിക്കും. ഏപ്രിലിൽ വരുത്തുന്ന വർദ്ധനയിലൂടെ 695 കോടിയും. 800 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കത്തക്ക വിധം വർദ്ധനയ്ക്കു വേണ്ടിയാണ് ബോർഡ് ആവശ്യപ്പെട്ടതെങ്കിലും റഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ല. 800 കോടി അധികം ലഭിച്ചാലും ബോർഡ് നഷ്ടത്തിൽ നിന്ന് കരകയറാൻ പോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ബോർഡ് തന്നെ മുന്നോട്ടുവയ്ക്കുന്ന കണക്കുപ്രകാരം ഈ വർഷം നഷ്ടം 1370 കോടി രൂപയായിരിക്കും. അടുത്ത വർഷം 1108 കോടിയുടെയും പിന്നത്തെ വർഷം 1065 കോടിയുടെയും നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ആ നിലയ്ക്ക് ഇപ്പോഴത്തെ നിരക്കുവർദ്ധനയിലൂടെ ഉപഭോക്താക്കളുടെ ശാപം തലയിലേറ്റാമെന്നല്ലാതെ ബോർഡ് രക്ഷപ്പെടാനൊന്നും പോകുന്നില്ല.
ബോർഡിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനും ഭരണം കാര്യക്ഷമമാക്കാനും ഉറച്ച നടപടികളാണ് ആവശ്യം. അതിനാകട്ടെ വൈദ്യുതി ബോർഡിൽ അപ്രമാദിത്വമുള്ള യൂണിയനുകളുടെ സഹകരണവും പിന്തുണയും ഉറപ്പാക്കണം. ഇങ്ങനെ പോയാൽ ശമ്പളം നൽകാൻ പോലും കഴിയാത്തവിധം കെ.എസ്.ഇ.ബി മറ്റൊരു കെ.എസ്.ആർ.ടി.സിയായി മാറുമെന്ന് സി.എം.ഡി ബിജുപ്രഭാകർ പറഞ്ഞിട്ട് ദിവസങ്ങളധികമായില്ല. യൂണിറ്റിന് മാർച്ച് വരെയുള്ള കാലത്തേക്ക് 16 പൈസയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നതെന്നു പറയുമ്പോഴും മറ്റു നിരക്കുകൾ കൂടി ഇതിനൊപ്പം കൂടുമെന്നതിനാൽ മൊത്തത്തിലുള്ള വർദ്ധന ഉയർന്നിരിക്കും. പ്രതിമാസം 300 യൂണിറ്റ് ഉപയോഗിക്കുന്നയാൾക്ക് രണ്ടുമാസത്തെ നിരക്ക് ഇപ്പോഴത്തെ 4612 രൂപയിൽ നിന്ന് 4791 രൂപയായാണ് കൂടുന്നത്. ഡ്യൂട്ടിയിലും ഫിക്സഡ് ചാർജിലുമൊക്കെ വർദ്ധനയുണ്ടാകും. വർഷങ്ങളായി ഈടാക്കിക്കൊണ്ടിരിക്കുന്ന മീറ്റർ വാടക പോലും വേണ്ടെന്നുവയ്ക്കാൻ ബോർഡ് തയാറാകുന്നില്ല. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ദരിദ്രവിഭാഗങ്ങളെ നിരക്കുവർദ്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് കേമത്തം പറയുന്നത്. സംസ്ഥാനത്ത് ഈ ഗണത്തിൽ വരുന്ന എത്ര ഉപഭോക്താക്കളുണ്ടെന്ന കണക്കുകൂടി ബോർഡ് നൽകേണ്ടതായിരുന്നു.
മറ്റു സംസ്ഥാനങ്ങളെല്ലാം വൈദ്യുതി നിരക്ക് കുറച്ചുകൊണ്ടിരിക്കെ കേരളത്തിൽ മാത്രമാണ് കുത്തനെ ഉയർത്തിക്കൊണ്ടിരിക്കുന്നത്. സമീപകാലത്ത് നിയമസഭാ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെല്ലാം സാധാരണ കുടുംബങ്ങൾക്ക് നിശ്ചിത യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നതായിരുന്നു വാഗ്ദാനം. വർഷങ്ങൾക്കു മുൻപ് ഡൽഹിയിൽ ആം ആദ്‌മി 15 വർഷത്തെ കോൺഗ്രസ് ഭരണം തകർത്തത് വെള്ളവും വെളിച്ചവും ബസ് യാത്രയും സൗജന്യനിരക്കിൽ നൽകുമെന്ന പ്രഖ്യാപനത്തിലൂടെയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് നടന്ന പല സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരുകയുണ്ടായി. ഇവിടെയാകട്ടെ വൈദ്യുതി ഉത്‌പാദനം കൂട്ടാൻ യാതൊരു നടപടിയും സ്വീകരിക്കാതെ അമിതവിലയ്ക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങി ആ ഭാരം അപ്പാടെ ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. രണ്ടോ മൂന്നോ വർഷത്തിനകം പൂർത്തിയാക്കാവുന്ന ചെറിയ പദ്ധതികൾ പോലും പത്തും പതിനഞ്ചും വർഷമെടുത്താലും തീരുന്നില്ല. ഇത്തരം കാര്യക്ഷമതാരാഹിത്യത്തിനൊപ്പം ബോർഡിലെ കുത്തഴിഞ്ഞ ഭരണം കൂടിയാകുമ്പോൾ ഉപഭോക്താക്കൾക്ക് ഇനിയുള്ള കാലവും അമിതനിരക്ക് നൽകേണ്ടിവരുമെന്നു തീർച്ചയാണ്. നിരക്കുവർദ്ധന നാമമാത്രമാണെന്നാണ് സർക്കാർ അവകാശവാദം. നാമമാത്ര വർദ്ധന എല്ലാവർഷവും ഏർപ്പെടുത്തുമ്പോൾ ഉണ്ടാകാവുന്ന വലിയ ഭാരത്തെക്കുറിച്ച് ഓർക്കുന്നില്ല. എന്തും സഹിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |