പത്തനംതിട്ട: ശബരിമലയിൽ ഹരിവരാസന സമയത്ത് നടൻ ദീലിപിന് പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ കെെക്കൊള്ളുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ ദിവസേന പതിനായിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. കാടും മലയും താണ്ടി അയ്യപ്പനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കുക എന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെയുള്ള ദർശനവും ഒരുക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ബോർഡ് അറിയിച്ചു.
ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. രാത്രി നട അടയ്‌ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദർശനം നടത്തിയത്. ഹരിവരാസനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
അതേസമയം, ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ദേവസ്വം ബോർഡിന് കൈമാറി. ദേവസ്വം വിജിലൻസ് എസ്.പിയാണ് അന്വേഷണ റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറിയത്. പ്രാഥമിക റിപ്പോർട്ടാണ് കൈമാറിയതെന്നും തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു വ്യക്തമാക്കി.
സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിക്ക് കൈമാറുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. നിലവിൽ സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നാണ് ബോർഡിന്റെയും പൊലീസിന്റെ നിർദ്ദേശമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |