കൊച്ചി: സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള (എസ്.ഡി.ആർ.എഫ്) 677 കോടി രൂപ എങ്ങനെ ചെലവാക്കണമെന്ന് വിശദീകരിക്കാത്ത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.
ഇതിൽ എത്ര രൂപ വയനാടിനായി ചെലവാക്കാമെന്ന് അറിയില്ലെങ്കിൽ എങ്ങനെ പണമില്ലെന്ന് പറയും. ആരെയാണ് വിഡ്ഢിയാക്കുന്നത്?
ഈ ഫണ്ട് എങ്ങനെ ചെലവാക്കുമെന്നു പറയാതെ കേന്ദ്രം തുക അനുവദിക്കില്ല. കടം തരുന്നവരോട് കൃത്യമായി കണക്ക് പറയേണ്ടതല്ലേയെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻബെഞ്ച് ചോദിച്ചു.
കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം ഉന്നയിക്കാതെ കണക്ക് കൃത്യമായി തയ്യാറാക്കണം. അതിനുശേഷം സഹായം അനുവദിക്കുന്ന കാര്യം കേന്ദ്രത്തോട് പറയാം. എസ്.ഡി.ആർ.എഫിൽ വിനിയോഗിക്കാത്ത ഫണ്ടിന്റെ പേരിൽ കേന്ദ്ര സഹായം വൈകുന്നത് കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ. വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജിയിലാണിത്.
677 കോടിയിൽ എത്ര രൂപ വയനാടിന് കൊടുക്കാമെന്ന ചോദ്യത്തിന്, വിവരം കളക്ടർമാരിൽ നിന്ന് ശേഖരിക്കണമെന്നാണ് കോടതിയിൽ ഹാജരായ അക്കൗണ്ട്സ് ഓഫീസർ അറിയിച്ചത്. 677 കോടിയിൽ എത്ര ഉപയോഗിക്കാമെന്നതിൽ ധാരണയില്ല. എന്നാൽ അടിയന്തരമായി 240 കോടി ആവശ്യപ്പെട്ടു. പരസ്പരം ആരോപണം ഉന്നയിച്ച് ദുരന്തബാധിതരെ അപമാനിക്കരുതെന്നും കോടതി പറഞ്ഞു.
2,219 കോടി പരിഗണനയിൽ
വയനാട് പുനരധിവാസത്തിന് 2219.033 കോടി രൂപ അധിക സഹായത്തിനുള്ള അപേക്ഷ പരിഗണനയിലാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ നൽകിയത് നവംബർ 13നാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ ആശിഷ് വി. ഗവായ് സമർപ്പിച്ച പത്രികയിൽ പറയുന്നു. പുനരധിവാസത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. സാധാരണ ദുരന്തങ്ങളിൽ എസ്.ഡി.ആർ.എഫിൽ നിന്നാണ് തുക ചെലവഴിക്കേണ്ടത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിയമമില്ല. 2024-25ൽ എസ്.ഡി.ആർ.എഫിലേക്ക് 380 കോടി അനുവദിച്ചു. ഇതിൽ 291.20 കോടിയും കേന്ദ്രമാണ് നൽകിയത്. വയനാട് ദുരന്തത്തിനുള്ള തുക പൂർണമായും ഒക്ടോബറിൽ തന്നെ കൈമാറി. മുൻ മിച്ചം ഉൾപ്പെടെ എസ്.ഡി.ആർ.എഫിൽ 782.99 കോടി രൂപയുണ്ട്. എൻ.ഡി.ആർ.എഫിൽ നിന്ന് നവംബർ 16 ന് 153.46 കോടി അനുവദിച്ചു. എസ്.ഡി.ആർ.എഫിലെ തുകയുടെ 50 ശതമാനം വിനിയോഗിച്ചാൽ ഈ തുകയും വിനിയോഗിക്കാമെന്ന വ്യവസ്ഥയോടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |