കോലഞ്ചേരി: കിലോയ്ക്ക് വില 500 കടന്നും കുതിക്കുമ്പോൾ സാമ്പാറിലും അവിയലിലും മുരിങ്ങയ്ക്കാ കിട്ടാൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വരും. ഇതുവരെ ഓസിന് നൽകിയ സാമ്പാറിനും കാശീടാക്കാനൊരുങ്ങുകയാണ് ഹോട്ടലുകൾ. പച്ചക്കറി വില റോക്കറ്റിലേറിയപ്പോൾ പിടിച്ചു നിൽക്കാൻ വേറെ വഴിയില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.
വെളുത്തുള്ളി വില 400 ൽ തുടരുമ്പോൾ നേന്ത്ര കായയും കുതിപ്പിലാണ്. ചില്ലറവില്പന കിലോ 80 ലെത്തി. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റമാണ് തേങ്ങയ്ക്ക്. കിലോ 80 നാണ് ചില്ലറ വില്പന. സവാളയും ചെറിയ ഉള്ളിയും രണ്ടാഴ്ചയായി 70 ൽ തുടരുകയാണ്. ഈ പോക്കു പോയാൽ സസ്യാഹാരികൾ വലയും.
പച്ചക്കറി വിലയും കുതിപ്പിൽ
ശബരിമല സീസൺ തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നത്. വഴുതന, വെണ്ടക്ക എന്നിവയുടെ വിലയും 70 ആയി ഉയർന്നു. ബീൻസും വെണ്ടക്കയും ക്യാരറ്റും 80 പിന്നിട്ടു. ക്രിസ്തുമസ് പ്രമാണിച്ച് കേക്ക് നിർമ്മാതാക്കളുടെ എണ്ണം കൂടിയതോടെ കോഴി മുട്ടയ്ക്കും വില കൂടി. ചില്ലറ വില 7.50 നാണ് വില്പന. ഇതോടെ ഹോട്ടലുകളിൽ മുട്ട റോസ്റ്റിന്റെ കച്ചവടവും കുറച്ചു. ഇനി സാമ്പാറിലും അൽപം പിശുക്കു കാണിച്ചാലേ കുടുംബ ബഡ്ജറ്റ് താളം തെറ്റാതെ നോക്കാനാകൂവെന്നാണു വീട്ടമ്മമാരുടെ അഭിപ്രായം.
കാലാവസ്ഥ ചതിച്ചു
സംസ്ഥാനത്ത് ഇപ്പോൾ മുരിങ്ങാക്കോലിന്റെ സീസണല്ല, തമിഴ്‌നാട്ടിലും ലഭ്യമല്ല. ഗുജറാത്തിലെ ബറോഡയിൽ നിന്നുമാണ് മുരിങ്ങാക്കോൽ എത്തുന്നത്. ഡിമാൻഡ് കൂടിയപ്പോൾ വിലയും കൂടി. വില ഇനിയും കൂടുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. അരമീറ്ററോളം നീളം വരുന്ന വയ്ക്ക് തമിഴ്‌നാട് ഇനത്തെ അപേക്ഷിച്ച് പച്ചനിറം കൂടുതലാണ്.
സദ്യകൾക്കും സത്ക്കാരങ്ങൾക്കും വിഭവങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഇനമായതിനാലാണ് കുറഞ്ഞ നിലയിലെങ്കിലും സ്റ്റോക്ക് ചെയ്യുന്നുണ്ട്. നാടൻ മുരിങ്ങക്കായ വിപണിയിലെത്തിയാൽ വിലയിൽ മാറ്റം പ്രതീക്ഷിക്കാം
കെ.എം. പരീക്കുട്ടി, മൊത്തവ്യപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |