ക്വാലാലംപ്പൂർ: വീടിന്റെ ഭിത്തിയിൽ ഒരു പല്ലി ഇരുന്നാൽ തന്നെ ചിലർ പേടിക്കും. പല്ലിയ്‌ക്ക് പകരം ഒരു കൂറ്റൻ പെരുമ്പാമ്പിനെ കണ്ടാലോ? പെരുമ്പാമ്പ് നിങ്ങളുടെ മുറിയിലെ സോഫയിലേക്കോ കസേരയിലേക്കോ വീണാലോ ? ആലോചിക്കാൻ കൂടി വയ്യ.
എന്നാൽ മലേഷ്യയിലെ ഒരു കുടുംബത്തിന് ഇത് അനുഭവിക്കേണ്ടി വന്നു. പെരുമ്പാമ്പ് മലേഷ്യയിലെ കമുന്തിംഗിലെ കാംപങ്ങ് ഡ്യൂവിലെ ഒരു വീടിന്റെ സീലിംഗ് തകർന്ന് താഴെ വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഏകദേശം 80 കിലോഗ്രാം ഭാരവും അഞ്ച് മീറ്ററിലേറെ നീളവുമുള്ള പെരുമ്പാമ്പാണ് സീലിംഗിലൂടെ വീടിന്റെ സ്വീകരണ മുറിയിലെ സോഫയിലേക്ക് പതിച്ചത്.
സമീപത്തെ എണ്ണപ്പന തോട്ടത്തിൽ നിന്നാകാം പെരുമ്പാമ്പെത്തിയതെന്ന് കരുതുന്നു. ഏതായാലും പെരുമ്പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ അധികൃതരുടെ സഹായം തേടി. നവംബർ 22ന് രാത്രി 8ഓടെയായിരുന്നു സംഭവം. വിദഗ്ദ്ധരായ ഏഴ് പാമ്പുപിടിത്തക്കാർ ചേർന്നാണ് പെരുമ്പാമ്പിനെ വലയിലാക്കിയത്. പാമ്പ് അക്രമകാരിയായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |