പാലോട്: നന്ദിയോട് ഇളവട്ടത്ത് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.
ഇന്ദുജയുടെ ഭർത്താവ് കുറുപുഴ ഇളവട്ടം എൽ.പി സ്കൂളിനു സമീപം ശാലു ഭവനിൽ അഭിജിത്ത് ദേവൻ (നന്ദു, 25), സുഹൃത്തായ പെരിങ്ങമ്മല എ.ടി കോട്ടേജിൽ അജാസ് (26) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റുചെയ്തത്.
പാലോട് ഇടിഞ്ഞാർ കൊന്നമൂട് കിഴക്കുംകര വീട്ടിൽ ശശിധരൻകാണി-ഷീജ ദമ്പതികളുടെ മകൾ ഇന്ദുജയെ (25) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതിനും രണ്ടുനാൾ മുമ്പ് അജാസ് ഇന്ദുജയെ മർദ്ദിച്ചെന്നാണ് അഭിജിത്തിന്റെ മൊഴി.
അഭിജിത്തിനെതിരെ ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ, ഗാർഹികപീഡനം എന്നീ വകുപ്പുകളും അജാസിനെതിരെ പട്ടികജാതി പീഡനം, മർദ്ദനം, ആത്മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. മൂവരും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. അജാസും ഇന്ദുജയും അടുപ്പത്തിലായിരുന്നു. അജാസിന് ഇന്ദുജയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും അന്യമതക്കാരനായതിനാൽ ബന്ധുക്കൾ എതിർത്തു. മൂന്നു മാസം മുമ്പ് പുല്ലമ്പാറയിലെ ക്ഷേത്രത്തിലാണ് അഭിജിത്ത് ഇന്ദുജയ്ക്ക് താലിചാർത്തിയത്. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. സ്വകാര്യ ലാബ് ജീവനക്കാരിയാണ് ഇന്ദുജ. കാട്ടാക്കട ഡിവൈ.എസ്.പി ഷിബു, പാലോട് സി.ഐ അനീഷ് കുമാർ, എസ്.ഐ റഹിം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
ഇന്ദുജയുടെ അവസാന കോൾ അജാസിന്
അഭിജിത്തിനെ വിവാഹം കഴിച്ചശേഷവും ഇന്ദുജയുമായി അജാസ് സൗഹൃദം തുടർന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ
മറ്റൊരു ബന്ധം ഇന്ദുജയ്ക്കുണ്ടെന്ന് അജാസിന് സംശയമായി. ഇന്ദുജ മരിച്ചതിനും രണ്ടു നാൾ മുമ്പ് അജാസ് കാറിൽ ശംഖുംമുഖത്ത് കൊണ്ടുപോയി ഇക്കാര്യം ചോദിച്ചു. വാക്കുതർക്കത്തിനിടെ ഇന്ദുജയെ മർദ്ദിച്ചു. ഇന്ദുജയെ ഒഴിവാക്കാൻ അജാസ് അഭിജിത്തിനെ നിർബന്ധിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ദുജയുമായി അഭിജിത്ത് വഴക്കിട്ടു. മർദ്ദിക്കുകയും ചെയ്തു. താൻ മരിക്കാൻ പോകുന്നെന്ന് അജാസിനെ വിളിച്ചറിയിച്ചിട്ടാണ് ഇന്ദുജ ജീവനൊടുക്കിയത്. ഇന്ദുജ അവസാനമായി വിളിച്ചതും അജാസിനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |