കഞ്ചിക്കോട്: വാളയാർ പുഴയിലെ തെളിഞ്ഞ വെള്ളം കഞ്ചിക്കോട് കടക്കുമ്പോൾ മലിന ജലമായി മാറുന്നു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയാണ് ഇവിടെ വാളയാർ പുഴയെന്ന പേരിൽ ഒഴുകുന്നത്
പളുങ്ക് പോലെ തിളങ്ങി നിൽക്കുന്ന വെള്ളവും വിശാലമായ മണൽപ്പരപ്പും വാളയാർ പുഴയുടെ സൗന്ദര്യമാണ്. എന്നാൽ കഞ്ചിക്കോട് എത്തുമ്പോഴേക്കും പുഴയിലെ വെള്ളത്തിന്റെ നിറം മങ്ങിത്തുടങ്ങും. മൺപരപ്പുകൾക്ക് പകരം ചെളിക്കൂമ്പാരമാണ് ഇവിടെയുള്ളത്. വീടുകളിലെയും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെയും അഴുക്ക് ചാലുകൾ നേരിട്ട് പുഴയിലേക്കാണ് തിരിച്ച് വിട്ടിരിക്കുന്നത്. ഡിസ്‌പോസിബിൾ ഗ്ലാസുകൾ, പ്ലേറ്റുകൾ, ഇറച്ചി വേസ്റ്റുകൾ തുടങ്ങിയവ പുഴയുടെ പലഭാഗത്തും കുമിഞ്ഞ് കൂടി കിടക്കുകയാണ്. വ്യവസായ ശാലകളിലെ അവശിഷ്ട മാലിന്യങ്ങളും പുഴയിൽ തള്ളുന്നുണ്ട്. വിദൂര സ്ഥലങ്ങളിലുള്ളവർ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് പുഴയിൽ തള്ളിയിട്ട് പോകുന്നുണ്ട്. പുഴയിൽ നിറയെ വെള്ളം ഉണ്ടായിട്ടും കുളിക്കാനോ തുണിയലക്കാനോ സാധിക്കില്ല. പുഴ മലിനീകരണം പരിസരവാസികളിൽ പകർച്ചവ്യാധി പടർന്ന് പിടിക്കാനും കാരണമാകുന്നുണ്ട്. പുഴ കഞ്ചിക്കോട് കടന്ന് ജില്ലയിലെ ഇതര പ്രദേശങ്ങളിലൂടെയാണ് ഒഴുകി പോകുന്നത്. അവിടെയുള്ളവരും പുഴ മലിനീകരിക്കപ്പെട്ടതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നു.
അഴുക്കുചാലുകൾ തിരിച്ച് വിടണം
ജലസേചന വകുപ്പും പഞ്ചായത്തും പുഴ ശുചീകരണ പ്രവർത്തനവുമായി ഇറങ്ങാറുണ്ട്. 2022ൽ പുതുശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന റൂം ടു റിവർ പദ്ധതി ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പക്ഷെ ശുചീകരണം കഴിഞ്ഞ് ഏതാനും ദിവസം പിന്നിടുമ്പോഴേക്കും വീണ്ടും പഴയ സ്ഥിതിയാകും. വലിയ കർമ്മപദ്ധതിയിലൂടെ മാത്രമെ പുഴയുടെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളു.
ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടന പ്രവർത്തകരെയും ഉൾപ്പെടുത്തി പുഴ സംരക്ഷണ സേനയ്ക്ക് രൂപം നൽകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. രാത്രി കാവലേർപ്പെടുത്തി വാഹനങ്ങളിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത് തടയണം. പുഴയിലേക്കൊഴുകുന്ന അഴുക്ക് ചാലുകൾ വഴിതിരിച്ച് വിടണം. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പരിസരവാസികൾക്കിടയിൽ ബോധവത്കരണ ക്യാമ്പ് നടത്തണം. വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യം പുഴയിൽ തളളുന്നത് തടയാൻ അധികൃതർ ഇടപെടുകയും വേണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |