ന്യൂഡൽഹി : സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ പാടില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പശ്ചിമ ബംഗാളിലെ മുസ്ലീം സമുദായത്തിനകത്തെ 76 വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തിയ നടപടി കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മമത സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
2010ന് ശേഷമുള്ള 12 ലക്ഷം ഒ.ബി.സി സർട്ടിഫിക്കറ്റുകൾ വിധി കാരണം റദ്ദായിരുന്നു. വിഷയത്തിൽ വാദം കേൾക്കവെ, സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാനാകില്ലെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. അതേസമയം, സംവരണത്തിനായി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കാൻ ഹൈക്കോടതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. ഇന്ദിരാ സാഹ്നി വിധിയിൽ പിന്നാക്ക വിഭാഗത്തെ കണ്ടെത്താനും, ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള അധികാരം എക്സിക്യൂട്ടീവിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.മതം മാത്രം അടിസ്ഥാനമാക്കിയാണ് മുസ്ലീം സമുദായത്തിലെ 76 വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് കൽക്കട്ട ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മുസ്ലീം സമുദായത്തെ ആകെ അപമാനിക്കുന്ന നടപടിയാണെന്നും നിരീക്ഷിച്ചിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തിലല്ല, പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം അനുവദിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. കേസിൽ ജനുവരി ഏഴിന് സുപ്രീംകോടതിയിൽ വിശദമായ വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |