മൊത്തം വാങ്ങുന്നത് 570 എയർക്രാഫ്റ്റുകൾ
യാത്രക്കാരുടെ വർദ്ധന വിമാനങ്ങളുടെ ആവശ്യം കൂട്ടുന്നു
കൊച്ചി: നൂറ് പുതിയ എയർബസ് വിമാനങ്ങൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കരാർ നൽകി. പത്ത് വൈഡ്ബോഡി എ350 എയർക്രാഫ്റ്റുകളും 90 നാരോബോഡി എ320 ഫാമിലി എയർക്രാഫ്‌റ്റുകളുമാണ് പുതുതായി എത്തിയത്. എയർബസ്, ബോയിംഗ് എന്നിവയിൽ നിന്ന് 470 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കഴിഞ്ഞ വർഷത്തെ കരാറിന് പുറമേയാണിത്. ഇതോടെ രണ്ട് വർഷത്തിനിടെ എയർബസിൽ നിന്നും എയർ ഇന്ത്യ വാങ്ങുന്ന എയർക്രാഫ്റ്റുകളുടെ എണ്ണം 350 ആയി ഉയർന്നു. കഴിഞ്ഞ വർഷം 40 എ350 വിമാനങ്ങളും 210 എ320 ഫാമിലി എയർക്രാഫ്‌റ്റും വാങ്ങാനാണ് കരാറുണ്ടാക്കിയത്.
എ350 വിമാനങ്ങളുടെ എണ്ണം കൂടുന്നതിനാൽ വിമാനങ്ങളുടെ അറ്റകുറ്റപണികൾക്കായി എയർബസുമായി പുതിയ സർവീസ് കരാറും ഒപ്പുവച്ചിട്ടുണ്ട്. ഇതുവരെ ആറ് എ350 വിമാനങ്ങളാണ് എയർബസ് ടാറ്റ ഗ്രൂപ്പിന് കൈമാറിയിട്ടുള്ളത്. ശേഷിക്കുന്ന 344 വിമാനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തും. ബാേയിംഗിന് ഇതുവരെ നൽകിയ 220 വിമാനങ്ങളുടെ കരാറിൽ 185 എയർക്രാഫ്‌റ്റുകളാണ് ഇനി ലഭിക്കാനുള്ളത്.
വ്യോമയാന വിപണി കുതിക്കുന്നു
ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം കണക്കിലെടുത്താണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതെന്ന് ടാറ്റ സൺസിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് വലിയ അവസരങ്ങൾ തേടിപ്പോകുന്ന യുവാക്കളുടെ എണ്ണത്തിലെ വർദ്ധന കണക്കിലെടുത്താണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്.
എയർബസ് വിമാനങ്ങൾ 350
ബോയിംഗ് വിമാനങ്ങൾ 220
ഇന്ത്യയിലെ വിമാനങ്ങളുടെ എണ്ണം 3,800 കവിയും
അടുത്ത ഇരുപത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വിമാനകമ്പനികളുടെ കൈവശമുള്ള എയർക്രാഫ്റ്റുകളുടെ എണ്ണം 3,800 കടക്കുമെന്ന് സിറിയം ഫ്ളീറ്റ് ഫോകാസ്‌റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യൻ കമ്പനികളുടെ ഫ്ളീറ്റിൽ 720 വിമാനങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |