ന്യൂഡൽഹി: കൊല്ലപ്പെട്ട ടെന്നിസ് താരം രാധിക യാദവിന് സ്വന്തമായി ടെന്നിസ് അക്കാഡമി ഇല്ലായിരുന്നുവെന്ന് ഗുരുഗ്രാം പൊലീസ്. വിവിധ സ്ഥലങ്ങളിൽ കോർട്ടുകൾ വാടകയ്‌ക്കെടുത്താണ് രാധിക കുട്ടികളെ പരിശീലിപ്പിച്ചത്. ടെന്നിസ് അക്കാഡമി പൂട്ടണമെന്ന ആവശ്യം നിഷേധിച്ചതിനാലാണ് പിതാവ് ദീപക് യാദവ് രാധികയെ വെടിവച്ച് കൊന്നതെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്.
ടെന്നിസ് മത്സരങ്ങളിലേക്ക് തിരിച്ചുവരാൻ ശ്രമിക്കാതെ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ താൻ നിരാശനായിരുന്നുവെന്നും തുടർന്നുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും ദീപക് ഇന്നലെ സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് രാധികയെ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 57ലെ വീട്ടിൽ വച്ച് പിതാവ് ദീപക് കൊലപ്പെടുത്തിയത്. തുടർന്ന് ദീപക്കിനെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാധികയുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് സംസ്‌കരിച്ചു.
മൂന്ന് ദിവസം
മുമ്പും ഭീഷണി
കൊലപാതകം നടന്നതിന് മൂന്ന് ദിവസം മുമ്പ് ദീപക് രാധികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടികളെ പരിശീലിപ്പിക്കുന്നത് നിറുത്തണമെന്ന നിർദ്ദേശം നിരസിച്ചത് കൂടാതെ രാധികയുടെ സ്വഭാവത്തെക്കുറിച്ച് ചിലർ മോശം പറഞ്ഞതും തന്നെ പ്രകോപിപ്പിച്ചെന്ന് ദീപക് പൊലീസിനോട് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ദീപക് മനേസറിലെ കാസനിലുള്ള ബന്ധുക്കളെ സന്ദർശിച്ചിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയത് മുതലാണ് രാധികയുമായുള്ള പ്രശ്‌നം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ബന്ധുക്കൾ രാധികയുടെ സമൂഹമാദ്ധ്യമ ഉപയോഗത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും മോശമായി സംസാരിച്ചത് ദീപക്കിനെ അസ്വസ്ഥനാക്കിയിരുന്നു. ദീപക്കിന് എല്ലാവരെയും സംശയമായിരുന്നെന്നും തനിക്കും മകൾക്കും കടുത്ത നിയന്ത്രണങ്ങളായിരുന്നുവെന്നും രാധികയുടെ അമ്മ മഞ്ജു പറഞ്ഞു. എന്നാൽ രാധികയുടെ ടെന്നിസ് സ്വപ്‌നങ്ങളെ ദീപക് പൂർണമായും പിന്തുണച്ചിരുന്നതായും അവർ വെളിപ്പെടുത്തി. അതേസമയം,രാധിക കല്ല്യാണം കഴിക്കാൻ തിരഞ്ഞെടുത്ത വ്യക്തി വേറെ ജാതിയിലുള്ളതിനാൽ യാദവ് അതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
2.5 കോടി പാഴാകില്ല, വിശ്വസിക്കൂ
രണ്ടുവർഷം മുമ്പ് തോളിനേറ്റ പരിക്കിനെ തുടർന്ന് ടെന്നിസ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന രാധിക ടെന്നിസ് മത്സരങ്ങളിലേക്ക് തിരിച്ചുവരാത്തിൽ ദീപക് നിരാശനായിരുന്നു. രാധികയുടെ ടെന്നിസ് പരിശീലനത്തിനായി 2.5 കോടിയോളം രൂപ ചെലവാക്കിയിരുന്നു. തന്റെ പരിശീലനത്തിനായി ചെലവാക്കിയ പണം പാഴാകില്ലെന്നും ടെന്നിസിലുള്ള തന്റെ കഴിവും പരിചയവും പുതിയ കളിക്കാരെ വാർത്തെടുക്കാൻ ഉപയോഗിക്കുമൈന്നും രാധിക പിതാവിനോട് പറഞ്ഞിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ ഒഴിവാക്കി
ടെന്നിസ് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന രാധിക സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. നിരന്തരം ഇൻസ്റ്റഗ്രാം റീലുകൾ ചെയ്തിരുന്നു. രാധിക അഭിനയിച്ച സംഗീത വിഡിയോയും കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. രാധിക സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകുന്നതിനെ നാട്ടുകാരും ബന്ധുക്കളും വിമർശിച്ചിരുന്നു. രാധിക അടുത്തിടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളെല്ലാം ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |