തിരുവനന്തപുരം: തൊഴിൽ അന്വേഷകൻ എന്ന നിലയിൽ നിന്ന് തൊഴിൽ സൃഷ്ടാക്കളായി മാറാൻ സംരംഭകർ മുന്നോട്ട് വരണമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. അതിലൂടെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം. കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടന (ടെക്നോപാർക്ക്)പ്രതിദ്ധ്വനിയുമായി ചേർന്ന് ടെക്നോപാർക്ക് ഭവാനി ബിൽഡിംഗിൽ കേരളകൗമുദി സംഘടിപ്പിച്ച ദ്വിദിന 'കേരളകൗമുദി ടെക് എക്സ്പോ-2024" ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തലസ്ഥാന നഗരി നിരവധി കോൺക്ലേവുകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. കേരളകൗമുദി ഇന്ന് പുനരുപയോഗ ഊർജ്ജവുമായും സുസ്ഥിര വികസന ആശയങ്ങളുമായും ബന്ധപ്പെട്ട ധാരാളം കോൺക്ലേവുകൾ സംഘടിപ്പിക്കുന്നുണ്ട്. പത്രാധിപർ എന്ന പദത്തിന് പര്യായമായി മാറിയ വ്യക്തിത്വമാണ് കെ.സുകുമാരൻ. പ്രതിഭാശാലികൾ നേതൃത്വം കൊടുത്ത മാദ്ധ്യമമെന്ന നിലയിൽ ഇന്നും സത്യത്തിന്റെ പക്ഷത്ത് നിന്നുകൊണ്ട് കേരളകൗമുദി സ്വീകരിക്കുന്ന പ്രതിബദ്ധത വളരെ വലുതാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. എക്സ്പോയിലെ എസ്.കെ ഹോസ്പിറ്റൽ സ്റ്റാളിലെത്തിയ മന്ത്രി ആർ.ബിന്ദു ഷുഗർ,പ്രഷർ,കേൾവി പരിശോധനകൾ നടത്തി.
ടെക്നോപാർക്ക് ജീവനക്കാർക്കായുള്ള കേരളകൗമുദിയുടെ സ്നേഹോപഹാരം മന്ത്രിയിൽ നിന്ന് പ്രതിദ്ധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ ഏറ്രുവാങ്ങി. ടെക്നോപാർക്ക് പ്രീമിയർ ലീഗിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ ടെക്നോപാർക്ക് പ്രതിദ്ധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ,കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ,അയ്യപ്പദാസ്,ചീഫ് മാനേജർ വിമൽകുമാർ എന്നിവർ സംസാരിച്ചു.
ടെക് എക്സ്പോ സ്റ്രാളുകളിൽ
എസ്.കെ ആശുപത്രിയിലെ കോസ്മെറ്റോളജി,ഓഡിയോമെട്രി എന്നിവയുടെയും സൺ ഹോംസ് ബിൽഡേഴ്‌സ്,ജി- സാൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെയും പാരമ്പര്യേതര ഊർജ്ജം,ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നീ സർക്കാർ വകുപ്പുകളുടെയും ഉൾപ്പെടെയുള്ള സ്റ്റാളുകളാണ് കേരളകൗമുദി ടെക്സ്എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ഐ.ടി രംഗത്തെയും ആരോഗ്യ രംഗത്തെയും നൂതന സംവിധാനങ്ങളെക്കുറിച്ചും വിവിധ സേവനങ്ങളെക്കുറിച്ചും വിശദമാക്കുന്നതിനുള്ള സ്റ്റാളുകളിൽ ടെക്നോപാർക്കുകാർക്ക് മാത്രമല്ല,പുറത്തുനിന്നുള്ളവർക്കും വിവിധ സ്റ്റാളുകളിലെ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുന്നതിന് സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |