കൊച്ചി: എറണാകുളത്ത് സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ചിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ പ്രവർത്തകനെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. പെരുമ്പാവൂർ സ്വദേശിയും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായ അൻസാർ അലിയെയാണ് പൊലീസിനെ ആക്രമിച്ചത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് പിടികൂടിയത്. ഇയാളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കും.മാർച്ചിൽ എൽദോ എബ്രഹാം എം.എൽ.എയെ ആക്രമിച്ചതിന് സെൻട്രൽ എസ്.ഐയെ സസ്പെൻഡ് ചെയ്‌തതിന് പിന്നാലെയാണ് നടപടി. ഡി.ഐ.ജി മാർച്ചിലെ അക്രമണവുമായി ബന്ധപ്പെട്ട് ഏതാണ്ട് 300 സി.പി.ഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡി.ഐ.ജി ഒാഫീസ് മാർച്ചിനിടെ എം.എൽ.എ എൽദോ എബ്രാഹാമിനും പാർട്ടി ജില്ലാ സെക്രട്ടറിക്കും ഉൾപ്പെടെ പരിക്കേൽക്കാനിടയായ ലാത്തിച്ചാർജിൽ എം.എൽ.എയെ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയതിന് എറണാകുളം സെൻട്രൽ എസ്.ഐയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്‌തിരുന്നു. ലാത്തിച്ചാർജ് വിവാദത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേൽ നടപടി വൈകിയതും പൊലീസിനെ വെള്ളപൂശി കഴിഞ്ഞ ദിവസം ഡി.ജി.പി റിപ്പോർട്ട് നൽകിയതും സി.പി.ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനമെത്തുന്നത്. ഇത് സി.പി.ഐ നേതൃത്വത്തിന് ആശ്വാസമായിരുന്നു. എന്നാൽ കേസിൽ ഒരു സാധാരണ പ്രവർത്തകനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്‌റ്റ് ചെയ്‌തതോടെ കാര്യങ്ങൾ വീണ്ടും വഷളാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |