തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സി.പി.എം ഏരിയാ സമ്മേളനം നടത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ 31 പേർക്കെതിരെ കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് വഞ്ചിയൂർ പൊലീസിന്റെ തീരുമാനം.
നാളെ വഞ്ചിയൂർ എസ്.എച്ച്.ഒ ഫയലുകളുമായി നേരിൽ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. റോഡ് അടയ്‌ക്കാൻ സംഘാടകർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. സമ്മേളനത്തിൽ ആരെല്ലാം പങ്കെടുത്തു, പരിപാടികൾ എന്തെല്ലാം, എത്ര വാഹനങ്ങൾ കൊണ്ടുവന്നു, വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയവ അറിയിക്കണം. ഇക്കാര്യത്തിൽ സർക്കാരും വിശദമായ സത്യവാങ്മൂലം നൽകണം. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാർ അറിയിക്കണം.
കോടതിയലക്ഷ്യക്കേസ് വേണ്ടതാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു. ഉദ്ഘാടകനായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിർകക്ഷികളാക്കി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് പരിഗണിച്ചത്.
സമ്മേളനം നടത്താനല്ലാതെ നടുറോഡിൽ സ്റ്റേജ് കെട്ടാൻ സി.പി.എം അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |