ഗുരുവായൂർ : ഏകാദശി വ്രതം നോറ്റ് ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ പതിനായിരങ്ങൾ ഗുരുപവനപുരിയിലെത്തി. രാവിലെ ക്ഷേത്രത്തിൽ മേളത്തിന്റെ അകമ്പടിയിൽ നടന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്ര സെൻ സ്വർണ്ണക്കോലമേറ്റി. രാവിലെ ആറരയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടായി. കൊമ്പൻ ഗോകുൽ കോലമേറ്റി. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളം അകമ്പടിയായി. സന്ധ്യക്ക് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഗുരുവായൂരിലേക്ക് രഥമെഴുന്നള്ളിപ്പുമുണ്ടായി.
രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് വലിയ തിരക്കായിരുന്നു. രാവിലെ പതിനൊന്നോടെ കിഴക്കേ നടപ്പന്തലും സത്രം വളപ്പും പിന്നിട്ട് കിഴക്കേ നടയിലെ ടൗൺഹാൾ വരെയെത്തി ദർശനത്തിനുള്ള വരി. വൈകീട്ടോടെ തിരക്ക് അൽപ്പം കുറഞ്ഞു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വരിയിൽ നിൽക്കുന്ന ഭക്തർക്ക് മാത്രമായി ദർശനം.
വി.ഐ.പികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ഉച്ചയ്ക്ക് രണ്ടിന് ശേഷം മാത്രമായിരുന്നു ദർശനം. പ്രസാദ ഊട്ടിനും വലിയ ഭക്തജന പങ്കാളിത്തമുണ്ടായി. വ്രതമെടുക്കുന്നവർക്കായി അന്നലക്ഷ്മി ഹാളിലും തെക്കേ നടയിലെ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് രാവിലെ ഒമ്പതിനാരംഭിച്ചു. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ഒരുക്കിയത്. വൈകീട്ട് നാലരയോടെയാണ് ഊട്ട് അവസാനിച്ചത്. ദശമി ദിനമായ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് തുറന്ന നട ദ്വാദശി പണ സമർപ്പണത്തിന് ശേഷം ഇന്ന് രാവിലെ ഒമ്പതിനേ അടക്കൂ. തുടർന്ന് ശുദ്ധിച്ചടങ്ങ് പൂർത്തിയാക്കി വൈകീട്ട് മൂന്നരയ്ക്ക് തുറക്കും. നാളെ ത്രയോദശി ചടങ്ങോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |