ഭോപ്പാൽ: പുഷ്‌പ 2 കാണാനെത്തിയ ആളെ തീയേറ്ററിലെ ക്യാന്റീൻ ഉടമ ചെവിയിൽ കടിച്ചതായി പരാതി. ഇക്കഴിഞ്ഞ ഞായറാഴ്‌ച ഗ്വാളിയോറിൽ ഇന്ദർഗഞ്ച് ഏരിയയിലെ കൈലാഷ് ടാക്കീസിലാണ് സംഭവം. എന്നാൽ, ഇതിന്റെ വാർത്ത പുറത്തുവരുന്നത് ഇപ്പോഴാണ്. ലഘുഭക്ഷണം വാങ്ങുന്നതിനിടെ ഉണ്ടായ തർക്കമാണ് ദേഹോപദ്രവത്തിൽ എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സിനിമ കാണുന്നതിനിടെ ഇടവേളയിലാണ് ഷബീർ എന്നയാൾ സ്‌നാക്‌സ് വാങ്ങാനായി തീയേറ്ററിലുള്ള ക്യാന്റീനിൽ എത്തുന്നത്. അവിടെ വച്ച് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ക്യാന്റീൻ ഉടമ രാജുവുമായി ഇയാൾ തർക്കത്തിലായി. തുടർന്ന് രാജുവും കൂട്ടാളിയും ചേർന്ന് ഷബീറിനെ ആക്രമിച്ചു. ശേഷം ചെവിയുടെ ഒരു ഭാഗം കടിച്ച് മുറിച്ചു. ഭക്ഷണ സാധനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിനിടയാക്കിയതെന്ന് അഡീഷണൽ എസ്‌പി നിരഞ്ജൻ ശർമ പറഞ്ഞു. രാജുവും കൂട്ടാളിയും ചേർന്ന് ഷബീറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ചയാണ് ഷബീർ പൊലീസിൽ പരാതി നൽകിയത്. ഇയാൾ നൽകിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അഡീഷണൽ എസ്‌പി കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |