ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിണ്ടന്റ് ഫണ്ട്(ഇ.പി.എഫ്) പദ്ധതിയിൽ അംഗമായവർക്ക് അർഹമായ തുക 2025 മുതൽ എ.ടി.എമ്മുകൾ വഴി നേരിട്ട് പിൻവലിക്കാൻ അവസരമൊരുങ്ങുന്നു. അക്കൗണ്ടിലുള്ള ആകെ തുകയുടെ പകുതിയാണ് ഇങ്ങനെ പിൻവലിക്കാൻ കഴിയുക. ഇ.പി.എഫ്.ഒയുടെ വെബ്സൈറ്റുവഴി നേരിട്ട് അപേക്ഷ നൽകി തുക പിൻവലിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഇതിനായുള്ള ഐടി അനുബന്ധ നടപടികൾ പുരോഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചു. മറ്റ് വിശദാംശങ്ങൾ പിന്നാലെ അറിയാനാവും.
ഇ.പി.എഫ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കി തുക പെട്ടെന്ന് ഉപഭോക്താക്കളുടെ കൈവശം എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ അതത് ഓഫീസുകൾവഴി അപേക്ഷ നൽകി അനുമതി ലഭിച്ച ശേഷം ഇ.പി.എഫ് അക്കൗണ്ട് ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറുകയാണ് ചെയ്യുന്നത്. ഇതിന് കാലതാമസം നേരിടാറുണ്ട്. സാധാരണ എ.ടി.എം കാർഡുകൾക്ക് സമാനമായ കാർഡുകൾ ഇതിനായി ഇ.പി.എഫ്.ഒ നൽകിയേക്കും.
ലഭ്യമാകുന്ന ഗുണങ്ങൾ
അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് തുക ലഭിക്കും, അവധി ദിവസങ്ങൾ ബാധകമാകില്ല. അംഗങ്ങൾ മരിച്ചാൽ ആശ്രിതർക്കും എ.ടി.എം വഴി പണം പിൻവലിക്കൽ സൗകര്യം ലഭിച്ചേക്കും. ഇതിന് അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരിച്ച അംഗത്തിന്റെ ഇ.പി.എഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടി വരും. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ല. ഇൻഷ്വറൻസ് തുകയും ആശ്രിതർക്ക് എ.ടി.എം വഴി പിൻവലിക്കാൻ സാധിച്ചേക്കും.
പരിഗണനയിലുള്ള മറ്റു നിർദ്ദേശങ്ങൾ
1. ഇ.പി.എഫ് യോഗ്യതയ്ക്കുള്ള ശമ്പളപരിധി 21,000 രൂപയായി ഉയർത്തും
2. പി.എഫ് വിഹിതം ശമ്പളത്തിന്റെ 12% വരെ എന്ന പരിധി ഒഴിവാക്കും
നിലവിലെ ചട്ടങ്ങൾ
1. അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് വീട് വാങ്ങാനും നിർമ്മിക്കാനും പി.എഫ് നിക്ഷേപത്തിന്റെ 90% വരെ പിൻവലിക്കാം.
2. മെഡിക്കൽ അത്യാഹിതങ്ങൾക്ക് ആറു മാസത്തെ അടിസ്ഥാന വേതനത്തിനും ക്ഷാമബത്തയ്ക്കും തുല്യമായ തുക, അടങ്കൽ തുക(വിഹിതം) ഇതിൽ ഏതാണോ കുറവ് അത് അംഗങ്ങൾക്ക് പിൻവലിക്കാം.
3.മക്കളുടെ വിദ്യാഭ്യാസം വിവാഹം എന്നിവയ്ക്ക് ഏഴു വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് 50% വരെ പിൻവലിക്കാം.
4. 54 വയസ്സിന് മുകളിലുള്ള ജീവനക്കാർക്ക് വിരമിക്കൽ തീയതിയുടെ ഒരു വർഷത്തിനുള്ളിൽ ബാലൻസ് തുകയുടെ 90% വരെ പിൻവലിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |