ജില്ല കമ്മിറ്റിയിൽ പ്രമുഖരിൽ ചിലർ ഒഴിവായി, 4 പുതുമുഖങ്ങൾ
കൊല്ലം: സി.പി.എം ജില്ല സെക്രട്ടറിയായി എസ്.സുദേവനെ വീണ്ടും തിരഞ്ഞെടുത്തു. ജില്ല കമ്മിറ്റിയുടെ അംഗസംഖ്യ കഴിഞ്ഞ സമ്മേളന കാലയളവിലെ 49ൽ നിന്ന് 46 ആയി കുറച്ചു. ഇതിൽ രണ്ട് ഒഴിവുകളിട്ട് 44 അംഗ ജില്ല കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇതിൽ നാലുപേർ പുതുമുഖങ്ങളാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 36 പേരെയും തിരഞ്ഞെടുത്തു.
ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്യാം മോഹൻ, എസ്.എഫ്.ഐ അഖിലേന്ത്യ ജോ. സെക്രട്ടറി ആദർശ് എം.സജി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല പ്രസിഡന്റ് എസ്.ഗീതാകുമാരി, ജില്ല ജോ. സെക്രട്ടറി അഡ്വ. വി.സുമാലാൽ എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. കരുനാഗപ്പള്ളിയിൽ നിന്നുള്ള നാലുപേർക്കു പുറമേ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, മുൻ. എം.എൽ.എ പി.അയിഷ പോറ്റി, എൻ.എസ്.പ്രസന്നകുമാർ, ഡി.രാജപ്പൻ നായർ, കെ.സുഭഗൻ എന്നിവർ ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവായി. സംസ്ഥാന സമ്മേളനശേഷം ജില്ല സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്നും അതുവരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലാസെന്ററായി പ്രവർത്തിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
ഇത് മൂന്നാമൂഴം
എസ്.സുദേവൻ മൂന്നാം തവണയാണ് ജില്ല സെക്രട്ടറിയാവുന്നത്. നേരത്തെ ജില്ല സെക്രട്ടറിയായിരുന്ന കെ.എൻ.ബാലഗോപാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്ന് 2018 ജൂണിലാണ് സുദേവൻ ആദ്യം ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജില്ലാസമ്മേളനത്തിലും സെക്രട്ടറിയായി തുടർന്നു.
1984 മുതൽ സി.പി.എം ജില്ലാക്കമ്മിറ്റി അംഗമാണ്. 95ൽ ജില്ല സെക്രട്ടേറിയറ്റ് അംഗമായി. 2015 ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡി.വൈ.എഫ്.ഐയുടെ ആദ്യ കൊല്ലം ജില്ല സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ, കേന്ദ്ര കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് ജില്ല സെക്രട്ടറി, കശുഅണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, രണ്ട് തവണ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടത്തറ കൊല്ലായിൽ ബീഡി തെറുപ്പ് തൊഴിലാളിയായിരുന്ന ശ്രീധരന്റെയും വാസന്തിയുടെയും രണ്ടാമത്തെ മകനായി 1954 ലാണ് ജനനം. കടയ്ക്കൽ പള്ളിമുക്ക് അനു ഭവനത്തിലാണ് താമസം. നിലമേൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച എൽ. മഹിളാമണിയാണ് ഭാര്യ. അനുരാജ്, അതുൽരാജ് എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |