തിരുവനന്തപുരം: ചാണ്ടി ഉമ്മന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചാനൽചർച്ചയിൽ പങ്കെടുക്കരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിന് കെ.പി.സി.സി അംഗം ജെ.എസ്.അഖിലിനെ മാദ്ധ്യമ പാനലിൽ നിന്നൊഴിവാക്കി. കെ.പി.സി.സി മീഡിയവിഭാഗം ചുമതലയുള്ള ദീപ്തിമേരി വർഗീസാണ് നടപടിയെടുത്തത്. 22 അംഗങ്ങളാണ് മാദ്ധ്യമ പാനലിലുള്ളത്.
ചൊവ്വാഴ്ചയാണ് അഖിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തത്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചുമതല നൽകാത്തതിലുള്ള പരിഭവം ചാണ്ടിഉമ്മൻ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ചർച്ച. എന്നാൽ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് ജെ.എസ്.അഖിൽ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ ഏതെങ്കിലും നേതാക്കളെയോ കെ.പി.സി.സി നേതൃത്വത്തെയോ വിമർശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു പരാതി പ്രകടിപ്പിച്ച സ്ഥിതിക്ക് ചാണ്ടിഉമ്മന്റെ ആശങ്ക കേട്ട് പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കണമെന്ന് മാത്രമാണ് താൻ പറഞ്ഞത്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. രാത്രി ഏഴു മണിക്കുള്ള ചർച്ചയിലാണ് താൻ പങ്കെടുത്തത്. ചാണ്ടിഉമ്മൻ വിഷയത്തിൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന നേതൃത്വത്തിന്റെ നിർദ്ദേശം വരുന്നത് രാത്രി 8 മണിക്ക് ശേഷവും. അപ്പോൾ അതെങ്ങനെ ലംഘനമാവുമെന്നും അഖിൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |