ബംഗളൂരു : കാമുകനോടൊപ്പം മാളിൽ പോയത് ചോദ്യം ചെയ്തതിന് മകൾ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചു. ബംഗളൂരുവിലെ രാജാജിനഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതോടെ സമീപവാസികൾ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും മകളെയും കാമുകനെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
രാജസ്ഥാൻ സ്വദേശിയായ വസ്ത്ര വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട ജയ്കുമാർ. ബിസിനസ് ആവശ്യത്തിനായിട്ടാണ് ഇവർ ബംഗളൂരുവിൽ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പുതുച്ചേരിയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുവാൻ പോയിരുന്ന അവസരത്തിലാണ് മകൾ അച്ഛനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഒരു യുവാവുമായുള്ള പ്രണയബന്ധത്തെ അച്ഛൻ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെ കുറിച്ച് ആസൂത്രണം ആരംഭിച്ചത്. കാമുകനാണ് അച്ഛനെ കൊലപ്പെടുത്താനുള്ള വഴി മകൾക്ക് പറഞ്ഞുകൊടുത്തത്. വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഭാര്യയേയും മകനെയും റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുവിട്ട ശേഷം വീട്ടിൽ മടങ്ങിയെത്തിയ ജയ്കുമാറിന് പാലിൽ ഉറക്കഗുളിക ചേർത്തുനൽകി മയക്കിയ ശേഷമായിരുന്നു കൊലപ്പെടുത്തിയത്. ഇതിനുശേഷം കുത്തിക്കൊലപ്പെടുത്തി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ശൗചാലയത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തിക്കുകയായിരുന്നു. തീയണയ്ക്കുവാനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ മൃതദേഹം പാതിയോളം കത്തിയ നിലയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |