കോഴിക്കോട്: നടുവണ്ണൂർ വെസ്റ്റ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്പ്രത്ത് സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു. വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരായുള്ള ജില്ലാ സെക്രട്ടറിയുടെ പരാമർശത്തിലും പാർട്ടിക്കുള്ളിലെ ഏകാധിപത്യ പ്രവണതയിലും മനംനൊന്താണ് പാർട്ടിവിടുന്നതെന്ന് അക്ബറലി പറഞ്ഞു.
അക്ബറലിയെ കോഴിക്കോട് ഡി.സി.സി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. പദവികൾ മോഹിച്ചല്ല കോൺഗ്രസിൽ ചേർന്നതെന്നും മെക് സെവൻ വിവാദത്തിലൂടെ പി.മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമർശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണ്. വർഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണ്. താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി.
നടുവണ്ണൂർ നിയാഡ്‌കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് കോൺഗ്രസിലേക്ക് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ സ്വീകരണ ചടങ്ങിൽ വ്യക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. ജയന്ത്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം.രാജൻ, കാവിൽ പി.മാധവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാജീവൻ, മണ്ഡലം പ്രസിഡന്റ് എ.പി ഷാജി, ഡി.സി.സി അംഗം ഷബീർ നെടുങ്ങണ്ടി എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |