തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്റേതെന്നും 12 മെഗാവാട്ട് മണിയാർ ജല വൈദ്യുത പദ്ധതിയുടെ കരാർ കാർബോറണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്തിറങ്ങും. 30 വർഷത്തെ ബി.ഒ.ടി അടിസ്ഥാനത്തിലുള്ള കരാർ കലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെ മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേർന്ന് നീട്ടിനൽകാൻ ശ്രമിക്കുന്നത്. 45,000 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിനും അതിന്റെ ബാദ്ധ്യത ഏറ്റുവാങ്ങുന്ന ജനങ്ങൾക്കും പ്രയോജനകരമാകുന്ന പദ്ധതിയെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.
മണിയാർകരാർ നീട്ടിയതിൽ അഴിമതി: വി.ഡി.സതീശൻ
വൈദ്യുതി ബോർഡിന്റെ എതിർപ്പ് മറി കടന്ന് മണിയാർ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയിൽ നിലനിറുത്താൻ സർക്കാർ ശ്രമിച്ചതിനു പിന്നിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മണിയാർ പദ്ധതി 30 വർഷത്തേക്കാണ് കാർബറണ്ടം യൂണവേഴ്സലിന് നൽകിയിരുന്നത്. 30 വർഷം കഴിയുമ്പോൾ പദ്ധതി കെ.എസ്.ഇ.ബിക്ക് തിരിച്ചു നൽകണം. എന്നാൽ പദ്ധതി തിരിച്ചു വാങ്ങിയില്ലെന്നു മാത്രമല്ല 25 വർഷത്തേക്ക് കൂടി കരാർ ദീർഘിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വൈദ്യുതി ബോർഡിന് പ്രതിവർഷം ശരാശരി 18 കോടിയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്ക് വർദ്ധനയിൽ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ വൈദ്യുതി ബോർഡും നട്ടം തിരിയുമ്പോഴാണ് പദ്ധതി സ്വകാര്യ കമ്പനിക്ക് സർക്കാർ അടിയറവ് വയ്ക്കുന്നത്.
വ്യവസായ മന്ത്രിയാണ് ഇടപാടിന് പിന്നിൽ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട് നടന്നത്. പദ്ധതി കെ.എസ്.ഇ.ബിക്ക് മടക്കി നൽകണം.മണിയാർ പദ്ധതിയിലൂടെ പ്രതിവർഷം ലഭിക്കുമായിരുന്ന 18 കോടിയുടെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ വാർഷിക കണക്കിൽ ഉൾക്കൊള്ളിച്ചാൽ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമായിരുന്നുവെന്ന്സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |