തിരുവനന്തപുരം: കരമനയിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിനാണ് കരമന മാർക്കറ്റിന് മുന്നിൽ വച്ച് തീപിടിച്ചത്. പി.ആർ.എസ് ആശുപത്രിയിലെ ഡോക്ടർ കാർത്തിരാജിന്റെ ഉടമസ്ഥതയിലുള്ള കാർ,ഡ്രൈവർ ഷമീർ ഓടിച്ച് വരികയായിരുന്നു.സീറ്റിന്റെ പിൻവശത്ത് അടിഭാഗത്തുനിന്ന് തീയും പുകയും വരുന്നത് കണ്ട് നാട്ടുകാർ വിളിച്ചുപറഞ്ഞതോടെ ഡ്രൈവർ കാർ ഒതുക്കി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.നാട്ടുകാർ അടുത്തുള്ള കടയിലെ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി അണയ്ക്കാനായില്ല.തുടർന്ന് ചെങ്കൽച്ചൂള ഫയർഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു.കാറിന്റെ പിൻവശവും എൻജിനും കത്തിനശിച്ചു.തീ കാറിനുള്ളിലേക്ക് കയറാത്തതിനാൽ സീറ്റ് കത്തിയില്ല.
ഏകദേശം പത്ത് ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് കാർ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. .തീപിടിത്തം കാരണം പ്രദേശത്ത് ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിജു.ടി.ഒ,സാജൻ സൈമൺ,പ്രവീൺ,ഫയർ ആൻഡ് റെസ്ക്യൂ വിമൺ അശ്വിനി, ശ്രുതി ഹോം ഗാർഡ് ശ്യാമളൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |