കൊല്ലം: കീരിടത്തിനായി അവസാന നിമിഷം വരെയും ഒപ്പത്തിനൊപ്പം പോരടിച്ച മൂന്ന് ജലരാജാക്കന്മാരുടെ ഫൈനൽ പോരാട്ടം കാണികളുടെയും നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. അഷ്ടമുടിയിലെ കുഞ്ഞോളങ്ങളെ ത്രസിപ്പിച്ച് മിന്നൽപ്പിണർപോലെയാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിട്ടത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ നാലാമത് സി.ബി.എൽ കിരീടം സ്വന്തമാക്കി. പ്രസിഡന്റ്സ് ട്രോഫിക്കും സി.ബി.എൽ കിരീടത്തിനും ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പോരടിക്കുകയായിരുന്നു. ഒന്നാം ട്രാക്കിൽ നിരണം ബോട്ട് ക്ലബിന്റെ നിരണവും രണ്ടാം ട്രാക്കിൽ കാരിച്ചാലും മൂന്നാം ട്രാക്കിൽ വീയപുരവും കൊല്ലം തേവള്ളി കൊട്ടാരത്തിന് സമീപത്തെ സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഒരുപോലെയാണ് കുതിച്ചത്. പകുതി ദൂരം പിന്നിട്ടപ്പോഴും ഒപ്പത്തിനൊപ്പം. അവസാനലാപ്പിലെ തുഴകുതിപ്പിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാലിനെ പിന്തള്ളി വീയപുരം കപ്പടിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് 58 പോയിന്റുകൾ സ്വന്തമാക്കി വീയപുരം ചുണ്ടനെ തോൽപ്പിച്ച് പി.ബി.സിയുടെ കാരിച്ചാൽ ചുണ്ടൻ സി.ബി.എൽ കിരീടം സ്വന്തമാക്കി മധുരപ്രതികാരം വീട്ടി.
കഴിഞ്ഞ വർഷം പ്രസിഡന്റ്സ് ട്രോഫി പി.ബി.സിക്കായിരുന്നു. 12 വേദികളിലായി നടന്നിരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ മുണ്ടക്കൈ,ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആറ് മത്സരങ്ങൾ മാത്രമാണ് നടന്നത്. കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ കൈനകരി, ചെങ്ങന്നൂർ പാണ്ടനാട്, ആലപ്പുഴ കരുവാറ്റ, കായംകുളം എന്നിവിടങ്ങളിലാണ് സി.ബി.എല്ലിലെ ഈ വർഷത്തെ മറ്റു മത്സരങ്ങൾ നടന്നത്.
വള്ളങ്ങളും സമയവും
വീയപുരം (വില്ലേജ് ബോട്ട് ക്ലബ്) - 3 മിനിറ്റ് 53 സെക്കൻഡ് 85 മൈക്രോ സെക്കൻഡ്
കാരിച്ചാൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) - 3 മിനിറ്റ് 55 സെക്കൻഡ് 14 മൈക്രോ സെക്കൻഡ്
നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) - 3 മിനിറ്റ് 55 സെക്കൻഡ് 62 മൈക്രോ സെക്കൻഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |