തലശ്ശേരി: മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനും പുതിയ സംവിധാനം സജ്ജമായി. എം.സി സി കെഡിസ്‌കുമായി സഹകരിച്ചാണ് ഡ്രിപോ സംവിധാനം ഉപയോഗപ്പെടുത്തി വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് എന്ന പദ്ധതി നടപ്പിലാക്കിയത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കെഡിസ്‌കിന്റെ ഇന്നേവേഷൻ ഫോർ ഗവൺമെന്റ് എന്ന സംരംഭത്തിലൂടെ പൈലറ്റ് പ്രോജക്ടായി എം.സി സിയിൽ ആരംഭിച്ച പദ്ധതി വിജയച്ചതിന്റെ പിന്നാലെയാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്ത് സ്റ്റാർട്ട്അപ്പ് പദ്ധതിയിലൂടെ വികസിപ്പിച്ച പോർട്ടബിൾ കണക്ടഡ് ഇൻഫ്യൂഷൻ മോണിറ്ററാണ് ഡ്രിപോ സംവിധാനം. ഡ്രിപ്പ് വഴി മരുന്ന് നൽകുമ്പോൾ കൃത്യമായ അളവിലുള്ള തുള്ളികൾ രക്തത്തിലേക്ക് നൽകേണ്ടതുണ്ട്. കാൻസർ പോലെയുള്ള രോഗങ്ങൾക്കുള്ള മരുന്ന് തുള്ളികളുടെ അളവ് വളരെ പ്രധാനമാണ്. ഡ്രിപോ സംവിധാനം മുഖേന രോഗികളുടെ രക്തത്തിലെ മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനും സഹായിക്കുന്നു. ഇതുവഴി രോഗിയുടെ ശരീരത്തിൽ മരുന്ന് വിതരണം ശരിയായ അളവിൽ നടക്കും. സുരക്ഷയും ഉറപ്പാക്കും.
സെൻട്രൽ സോഫ്റ്റ്വെയറിൽ തത്സമയവിവരം ലഭിക്കും
ഈ ഉപകരണം നഴ്സിംഗ് സ്റ്റേഷനുകളിലെ സെൻട്രൽ സോഫ്റ്റ് വെയറിലേക്ക് തത്സമയ വിവരങ്ങൾ കൈമാറുന്നതു വഴി മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ നിരക്ക് മാറ്റങ്ങൾക്കും ഇൻഫ്യൂഷൻ പൂർത്തീകരണങ്ങൾക്കുമുള്ള മുന്നറിയിപ്പുകൾ ലഭിക്കും. ഈ സോഫ്റ്റ് വെയർ രക്തത്തിലേക്കുള്ള മരുന്നുകളുടെ സഞ്ചാരത്തിന്റെ സമഗ്രമായ രൂപരേഖയും രോഗിയുടെ ആരോഗ്യചരിത്രവും പ്രദർശിപ്പിക്കും.
മരുന്നുകളുടെ സഞ്ചാരത്തിൽ കൂടുതൽ കൃത്യത
എം.സി സിയിലെ നിർദിഷ്ട വാർഡുകളിൽ ഡ്രിപോയുടെ 20 യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ് വെയറും സ്ഥാപിച്ചാണ് പദ്ധതി പരീക്ഷിച്ചത്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ പഠനത്തിലൂടെ ഡ്രിപോ സംവിധാനത്തിന്റെ കാര്യക്ഷമത സാധാരണ ഗ്രാവിറ്റി വിലയിരുത്തിയിരുന്നു. മരുന്നുകളുടെ സഞ്ചാര നിരക്ക് കൂടുതൽ കൃത്യമാക്കാനും നിരീക്ഷിക്കാനും നഴ്സിംഗ് ജീവനക്കാരെ ഡ്രിപോ സഹായിച്ചെന്നാണ് പഠനഫലം. ഇത് 65 ശതമാനം വരെ ചികിത്സാ പ്രാധാന്യമുള്ള മരുന്നുകളുടെ സഞ്ചാര പിശകുകൾ കുറച്ചതായും കണ്ടെത്തിയിരുന്നു.
ഉദ്ഘാടനം 26ന്
ഈ മാസം 26ന് എംസിസിയിൽ മുഖ്യമന്ത്രി നിർവഹിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ ഡ്രിപോ ഉപയോഗിച്ചുള്ള വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് സംവിധാനം എം.സി സിയ്ക്ക് കൈമാറും.
ആർ.സി സിയിലും എം.സി സിയിലും റേബോട്ടിക് സർജറി ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ കൊണ്ടുവന്നതും അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം ബ്ലഡ് ബാങ്കുകളിൽ നടപ്പിലാക്കിയതും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് സഹായകരമായി എ.ഐ. സങ്കേതികവിദ്യയോടെ ജി ഗൈറ്റർ സ്ഥാപിച്ചതിനും പിന്നാലെയാണ് പുതിയ സംവിധാനം എംസിസിയിൽ നടപ്പിലാക്കുന്നത് -വീണ ജോർജ് (ആരോഗ്യമന്ത്രി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |