2018ലെ പ്രളയത്തിൽ തകർന്ന പള്ളം ചുള്ളിയാർ ഗായത്രിപ്പുഴ പാലം ആറ് വർഷത്തിലേറെയായിട്ടും പുനർനിർമ്മിച്ചില്ല
മുതലമട: 2018ലെ പ്രളയത്തിൽ തകർന്ന പള്ളം ചുള്ളിയാർ ഗായത്രിപ്പുഴ പാലം ഉടൻ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുതലമടയിലെ നാട്ടുകാരും വിദ്യാർത്ഥികളും പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ്.ചിത്രയെ സമീപിച്ചു. പാലം ഇല്ലാത്തതിനാൽ കഴിഞ്ഞ മഴക്കാലത്ത് സ്കൂൾ വിദ്യാർത്ഥികൾ കുത്തിയൊഴുകുന്നപുഴ സാഹസികമായി മുറിച്ചുകടന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന് മുതലമട പഞ്ചായത്ത് യോഗം ചേർന്ന് പാലംപണി ദ്രുതഗതിയിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. പാലം പണിക്ക് പഞ്ചായത്ത് 58 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം അഞ്ച് മാസമായിട്ടും പാലം നിർമ്മാണം എങ്ങുമെത്തിയില്ല. പഞ്ചായത്തിലാകട്ടെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം പദ്ധതികൾ പാഴായി പോകുന്നുവെന്നാരോപിച്ച് പ്രസിഡന്റ് കൽപ്പന ദേവിയും വൈസ് പ്രസിഡന്റ് താജുദ്ദീനും ഒമ്പത് ദിവസമായി സത്യഗ്രഹത്തിലുമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കളക്ടറെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കളക്ടറെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചത്.
സ്കൂളിലെത്താൻ സാഹസിക യാത്ര
പുതിയ പാലം നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ 90% പൂർത്തിയായതാണ്. ഗായത്രി പുഴയിൽ വെള്ളത്തിന്റെ തോത് കൂടിയതാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് കരാറുകാരന്റെ പക്ഷം. പഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ കാലാവധി അവസാനിക്കാൻ 60 ദിവസം മാത്രം ശേഷിക്കെ പാലം പണി ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ അനുവദിച്ച ഫണ്ട് പാഴാവാൻ സാധ്യതയുണ്ടെന്നാണ് സൂചന. പള്ളം, മല്ലംകുളമ്പ്, തിരുമ്മി കുളമ്പ്, പട്ടർപ്പള്ളം, നാഗർപാടം തുടങ്ങിയിടങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഗായത്രിപ്പുഴ മുറിച്ചു കടന്ന് മുതലമട ഗവ. സ്‌കൂളിൽ എത്തുന്നത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ വസ്ത്രങ്ങൾ പൂർണമായും നനഞ്ഞാണ് പുഴ മുറിച്ച് കടക്കുക. പുഴയിൽ വെള്ളം കൂടിയാൽ അപകട സാധ്യതയും കൂടുതലാണ്. നിലവിൽ വെള്ളം കൂടുമ്പോൾ കാമ്പ്രത്ത്ച്ചള്ള പുളിയന്തോണി വഴി അഞ്ച് കിലോമീറ്റർ ചുറ്റിയാണ് ആളുകൾ ചുള്ളിയാർമേട്ടിൽ എത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് വിദ്യാർത്ഥികൾക്കായി പള്ളം ഭാഗത്തുനിന്നും ചുള്ളിയാർമേട്ടിലേക്ക് വാഹന സൗകര്യം ഒരുക്കുമെന്ന് പഞ്ചായത്ത് ഉറപ്പു നൽകിയിരുന്നെങ്കിലും നാളിതുവരെയായി നടപ്പായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |