-ഡോ. പ്രതിഭ റായ് (2011ലെ ജ്ഞാനപീഠ അവാർഡ് ജേതാവ്)
എം.ടി എന്ന സാഹിത്യപ്രതിഭ ഓർമ്മയാകുമ്പോൾ എന്റെ നഷ്ടം വ്യക്തിപരമാണ്. ഞങ്ങളുടെ സൗഹൃദവലയത്തിലുള്ള എല്ലാവരോടും പ്രതിഭ എന്റെ സഹോദരിയാണെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. അത്രമേൽ സ്‌നേഹവും വാത്സല്യവും എനിക്ക് എം.ടിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമൂഴം, മഞ്ഞ്, നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ കൃതികളുടെ ഇംഗ്ലീഷ് പതിപ്പ് എന്റെ വീട്ടിലെ ലൈബ്രറിയിലെ സവിശേഷമായ പുസ്തകങ്ങളാണ്. രണ്ടാമൂഴം അദ്ദേഹം നേരിട്ട് സമ്മാനിച്ചതാണ്. മലയാളവായനക്കാർക്ക് എന്നെ പരിചിതയാക്കിയതിൽ എം.ടിക്ക് വലിയ പങ്കുണ്ട്. എന്റെ ഒറിയ നോവൽ 'യജ്ഞസേനി" മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനായി മുൻകൈയെടുത്തത് അദ്ദേഹമായിരുന്നു. യുവ എഴുത്തുകാർക്ക് തങ്ങളുടെ സർഗപ്രതിഭ വളർത്താൻ അദ്ദേഹം എന്നും അവസരം നൽകിയിരുന്നു. ലിറ്റററി ജേണലിസത്തെ സാഹിത്യശാഖയായി ഉയർത്താനും വളർത്താനും എം.ടി സദാ ശ്രദ്ധിച്ചിരുന്നു.
കേരള സാഹിത്യഅക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്ന കാലത്ത് വളരെ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. പല ഇന്ത്യൻ എഴുത്തുകാർക്കും കേരളവുമായി ചേർന്ന് പ്രവർത്തിക്കാൻ എം.ടി അവസരമൊരുക്കി. 2002ലും 2007ലും കേന്ദ്രസാഹിത്യ അക്കാഡമിയിൽ മലയാള വിഭാഗത്തിന്റെ കൺവീനർ എം.ടിയായിരുന്നു. ഒറിയ വിഭാഗത്തിന്റെ കൺവീനർ ഞാനും. അവിടെ നടക്കാറുള്ള അക്കാഡമിക യോഗങ്ങളിൽ എനിക്കും അദ്ദേഹത്തിനും സമാനവീക്ഷണമായിരുന്നു ഉണ്ടായിരുന്നത്. വിവാദങ്ങളോട് അകലം പാലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 2001ൽ തുഞ്ചൻ മെമ്മോറിയൽ രൂപീകരിച്ചപ്പോൾ എം.ടിയായിരുന്നു ചെയർമാൻ. ഇന്ത്യയിലെ ഭിന്നഭാഷക്കാരായ എഴുത്തുകാരെ ഉൾപ്പെടുത്തി ഒട്ടേറെ സാഹിത്യ പരിപാടികൾ നടത്തി. അതിൽ പങ്കെടുക്കാനായത് എന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയാണ്. 2006ൽ കേരളത്തിലെത്തിയപ്പോൾ എനിക്ക് എം.ടിയുടെ ജന്മദേശമായ കൂടല്ലൂർ ഗ്രാമവും നിളാനദിയും കാണിച്ചുതരാൻ ഒരു സുഹൃത്തിനെ വിളിച്ച് അദ്ദേഹം ഏർപ്പാടാക്കിയിരുന്നു. എം.ടിയുടെ കഥകളിലൂടെ മാത്രമറിഞ്ഞ ആ നാട് നേരിട്ട് കാണാനായത് ഒരു സൗഭാഗ്യമാണ്. 2018 സെപ്തംബറിൽ കോഴിക്കോടെത്തിയപ്പോഴും അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു.
ഇന്ത്യൻ സാഹിത്യത്തിന് സമ്പന്നമായ കുറേയധികം എഴുത്തുകളും വ്യക്തിപരമായി ഊഷ്മളമായ ഒരുപിടി ഓർമ്മകളും സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോകുന്നത്. സാഹിത്യലോകത്തെ നിറചിരിയായി എം.ടി എന്നും ജീവിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |