ന്യൂഡൽഹി: രാജ്യത്ത് ഗ്രാമ- നഗര അന്തരം കുറയുന്നുവെന്ന് പുതിയ ഗാർഹിക ഉപഭോഗ സർവെയിൽ വ്യക്തമായി. ഗ്രാമീണ ഇന്ത്യ ഉയർന്ന ജീവിതനിലവാരം ആസ്വദിക്കുന്നുവെന്നും സർവേ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമീണ മേഖലയിൽ കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് 6,611 രൂപയും നഗര മേഖലയിൽ7,783 രൂപയുമാണ്.
2011-12 മുതൽ 2023-24വരെയുള്ള കണക്കുകൾ പ്രകാരം ഉപഭോഗ നിലവാരം ഗ്രാമങ്ങളിലും നഗരങ്ങളിലും ഏകദേശം മൂന്നിരട്ടിയായി. ഇത് സാമ്പത്തിക ശാക്തീകരണത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് സർക്കാർ വാദം. ഗ്രാമീണ മേഖല കൂടുതൽ വാങ്ങൽ ശേഷിയും കൈവരിച്ചു. ചരക്കുകളും സേവനങ്ങളും കൂടുതൽ ഗ്രാമങ്ങളിലെത്തുന്നു.
ഇന്ത്യയിലുടനീളം കുടുംബങ്ങൾ ഭക്ഷ്യേതര ഇനങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കുന്നു. 2022-23-ൽ ഗാർഹിക ബഡ്‌ജറ്റിലെ ഭക്ഷ്യേതര ചെലവുകളുടെ വിഹിതം 50% കവിഞ്ഞു. ഭക്ഷ്യേതര ഇനങ്ങളുടെ പങ്ക് ഗ്രാമങ്ങളിൽ 53ശതമാനവും നഗരങ്ങളിൽ 60 ശതമാനവുമാണ്.
ആഡംബരം, വിനോദം കൂടി
# 2023-24 ൽ ഗതാഗതം, വസ്ത്രങ്ങൾ, കിടക്കകൾ, പാദരക്ഷകൾ, വിവിധ ഉത്പന്നങ്ങൾ, വിനോദം, ആഡംബരവസ്തുക്കൾ എന്നിവയ്ക്ക് ഗ്രാമ-നഗര പ്രദേശങ്ങളിലെ കുടുംബങ്ങൾ മുൻഗണന നൽകുന്നു.
# ഗ്രാമീണ, നഗര കുടുംബങ്ങളുടെ ഭക്ഷ്യവസ്തു ഉപഭോഗത്തിൽ കൂടുതലും പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ.
# നഗര കുടുംബങ്ങളുടെ ഭക്ഷ്യേതര ചെലവുകളിൽ വീട്ടുവാടക, ഗാരേജ് വാടക, ഹോട്ടൽ താമസം എന്നിവയും പ്രധാന ഘടകങ്ങളാണ്.
എച്ച്.സി.ഇ.എസ്
ഗാർഹിക, ചരക്ക്, സേവനങ്ങളുടെ ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ (എച്ച്.സി.ഇ.എസ്) ശേഖരിക്കുന്നത്. ഉപഭോഗത്തിന്റെയും ചെലവിന്റേയും വിന്യാസം, ജീവിത നിലവാരം, കുടുംബങ്ങളുടെ ക്ഷേമം എന്നിവ മനസ്സിലാക്കൽ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |