പൊന്നാനി: മത്സ്യപ്രേമികൾക്ക് ഇഷ്‌ടപ്പെട്ട വലിയ മത്തി കിട്ടാനില്ല. വളരെ അപൂർവമായി മാത്രമാണ് ഇപ്പോൾ ബോട്ടുകാർക്ക് വലിയ മത്തി ലഭിക്കുന്നത്. എന്നാൽ, പിടിക്കാൻ വിലക്കുള്ള കുഞ്ഞ് മത്തി വിപണിയിൽ സുലഭമാണ്. ക്ഷാമം വന്നതോടെ വലിയ മത്തിയുടെ വിലയും ഉയർന്നു. കിലോയ്‌ക്ക് 260 രൂപയോളമാണ് ഇപ്പോൾ വിപണിയിൽ മത്തിയുടെ വില.
വല്ലപ്പോഴും മാത്രം ലഭിക്കുന്നതിനാലാണ് വലിയ മത്തിക്ക് ഇത്രയും വിലവരാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ, കുഞ്ഞൻ മത്തി ധാരാളം ലഭിക്കുന്നുണ്ട്. തുച്ഛമായ വിലയ്‌ക്കാണ് ഇവ വിപണിയിൽ വിറ്റഴിക്കുന്നത്. കിലോയ്‌ക്ക് 25 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. വലയിൽ കുഞ്ഞൻമത്തി ധാരാളം ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാൽ അധികൃതർ പിടികൂടുമെന്നതിനാൽ ഇവയെ പലരും കടലിൽതന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോൾ കുഞ്ഞൻമത്തിയെ വിപണിയിലെത്തിക്കുന്നത്.
പത്ത് സെന്റിമീറ്ററിൽ കുറവ് വലുപ്പമുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്ന് മത്തി പിടിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും അധികൃതർ പറയുന്നു. അതേസമയം അയക്കൂറ, ആവോലി എന്നിവ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അതിനാൽത്തന്നെ ഇവയ്‌ക്കെല്ലാം വലിയ മത്തിയെക്കാൾ വില കുറവാണ്. 200 മുതൽ 280 രൂപ വരെയാണ് ആവോലിയുടെയും അയക്കൂറയുടെയും ചില്ലറ വിൽപ്പന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |