കൊച്ചി: ചവിട്ടിനിൽക്കുന്ന മണ്ണിനെ നിഷേധിക്കാത്ത പത്രധർമ്മമാണ് കേരളകൗമുദിയുടേതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷവും പത്രം കൊച്ചിയിൽ എത്തിയതിന്റെ 104-ാം വാർഷികവും എറണാകുളം ബി.ടി.എച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
തുറന്ന മനസോടെ വാർത്തകൾ കൊടുക്കുമ്പോഴും അതിന്റെ മറുവശം തുറന്നുകാട്ടാനും മടികാട്ടില്ലെന്ന് വിമോചനസമരകാലത്തടക്കം കേരളകൗമുദി തെളിയിച്ചു. കേരളകൗമുദി വ്യത്യസ്തമായ പത്രമാകുന്നതും അതുകൊണ്ടാണ്. നിലപാടുകളിലെ സത്യസന്ധതയും വാക്കുകളുടെ കരുത്തും ചിന്തകളിലെ ഔന്നത്യവുമാണ് ഒരു പത്രത്തെയും അതിന്റെ സാരഥികളെയും വ്യത്യസ്തമാക്കുന്നത്. മൂല്യങ്ങളെ അവഗണിച്ച് മാദ്ധ്യമങ്ങൾക്കും മാദ്ധ്യമങ്ങളെ അവഗണിച്ച് ജനാധിപത്യത്തിനും മുന്നോട്ടുപോകാനാവില്ല. മാദ്ധ്യമങ്ങൾ തളരുമ്പോൾ ജനാധിപത്യത്തിന് അടിതെറ്റും. ശ്രീനാരായണഗുരുദേവ സന്ദേശവും കേരളകൗമുദിയും പരസ്പരപൂരകങ്ങളായി നിൽക്കുന്നതിനാൽ അടിസ്ഥാന കാഴ്ചപ്പാടിൽ ഒരിക്കലും പത്രം വെള്ളം ചേർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് പി. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.
ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ജസ്റ്റിസ് പി. സോമരാജൻ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.
കേരളത്തിലെ പ്രമുഖ ഡോക്ടർമാരെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'ഹെൽത്തി ലൈഫ് " പുസ്തകത്തിന്റെ പ്രകാശനം ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിച്ചു. ജസ്റ്റിസ് പി. സോമരാജൻ ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 13 പേർക്ക് കേരളകൗമുദിയുടെ പുരസ്‌കാരങ്ങൾ ഗവർണർ നൽകി. ഗവർണർക്ക് കേരളകൗമുദിയുടെ ഉപഹാരം പ്രഭുവാര്യർ സമ്മാനിച്ചു. ഡോക്ടർമാരും സംരംഭകരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പ്രഭുവാര്യർ സ്വാഗതം പറഞ്ഞു. കേരളകൗമുദി സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |