തിരുവനന്തപുരം: ബഹിരാകാശത്ത് രണ്ടുപേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന അത്യധികം സങ്കീർണമായ ശാസ്ത്രവിദ്യ കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറാൻ ഇനി ദിവസങ്ങൾ മാത്രം. ഇന്നലെ രാത്രി ഇതിനുള്ള ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു.
പത്തുനാൾക്കകം രണ്ട് ഉപഗ്രഹങ്ങളും കൂട്ടിച്ചേർത്ത് ഒന്നാക്കും. അതോടെ ബഹിരാകാശത്ത് പേടകങ്ങൾ കൂട്ടിചേർക്കാനും വിടർത്തിമാറ്റാനും കഴിയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി 9.58നാണ് പി.എസ്.എൽ.വി.സി 60 റോക്കറ്റിൽ എസ്.ഡി.എക്സ് 01(ചേസർ ഉപഗ്രഹം), എസ്.ഡി.എക്സ് 02 (ടാർജറ്റ് ഉപഗ്രഹം) എന്നിവ വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റ് 20 മിനിറ്റിനകം രണ്ട് ഉപഗ്രഹങ്ങളെയും ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.
220കിലോഗ്രാം വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. സ്‌പെയ്സ് ഡോക്കിംഗ് എക്സ്പെരിമെന്റ് എന്നതിന്റെ ചുരുക്കെഴുത്തായ സ്പെഡക്സ് എന്നാണ് ദൗത്യത്തിന്റെ പേര്.
20 കി.മീ. അകലത്തിൽ ഉപഗ്രഹങ്ങൾ
രണ്ട് ഉപഗ്രഹങ്ങളും 20കിലോമീറ്റർ അകലം പാലിക്കുന്ന തരത്തിലാണ് വിക്ഷേപിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ഇവയെ നിയന്ത്രിച്ച് അടുത്തുകൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കും. ഇതിന് പത്തുദിവസമെടുക്കും. തുടർന്ന് അവ ഒറ്റഉപഗ്രഹമായി പ്രവർത്തിക്കും.
ഒരാഴ്ചയ്ക്കുശേഷം വേർപെടുത്തി രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവർഷക്കാലം ബഹിരാകാശത്ത് പ്രവർത്തിക്കും. ഏതുസമയത്തും വീണ്ടും യോജിപ്പിക്കാമെന്നതാണ് നേട്ടം. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാനിന്റെ നാലാം ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗൻയാനിനും സ്‌പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും.
ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നപേരിൽ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയവും വ്യത്യസ്ത പേടകങ്ങൾ ഒരുമിച്ചു ചേർത്തുകൊണ്ടാവും നിർമ്മിക്കുക. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം നിർമ്മിച്ചത്.
ബഹിരാകാശത്ത് ജൈവപരീക്ഷണവും
ദൗത്യത്തിൽ ബഹിരാകാശത്ത് പയറും ചീരയും മുളപ്പിക്കാനുള്ള ജൈവപരീക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഇന്ത്യ ജൈവകോശങ്ങൾ അയയ്ക്കുന്നത്. സ്‌പെഡക്സിന്റെ ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിച്ചശേഷമുള്ള പി.എസ്.എൽ.വി റോക്കറ്റിന്റെ നാലാംഭാഗമാണ് ജൈവ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. പോയം 4 എന്നാണ് പേരിട്ടിരിക്കുന്നത്. പി.എസ്.എൽ.വിയ്‌ക്ക് നാല് ഘട്ടങ്ങളുണ്ട്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ ഖര,ദ്രവ ഇന്ധനമാണ്. റോക്കറ്റിനെ മുകളിലെത്തിക്കുന്നതോടെ ഈ മൂന്ന് ഘട്ടങ്ങളും എരിഞ്ഞുതീരും. നാലാംഘട്ടത്തിലാണ് ഉപഗ്രഹങ്ങൾ സൂക്ഷിക്കുന്നത്.ഉപഗ്രഹങ്ങളെ പുറത്തേക്ക് തള്ളിക്കഴിഞ്ഞാൽ റോക്കറ്റ് ബഹിരാകശത്ത് ഉപേക്ഷിക്കാറാണ് പതിവ്. അങ്ങനെ ചെയ്യാതെ ഇതിൽ നിയന്ത്രണസംവിധാനങ്ങളും കൂടുതൽ ഇന്ധനങ്ങളും സൂക്ഷിച്ച് അതൊരു ബഹിരാകാശ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണ് ഐ.എസ്.ആർ.ഒ. ബഹിരാകാശ സാഹചര്യങ്ങളിൽ കോശവളർച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബയിലെ അമിറ്റി സർവകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്സ്‌പെരിമെന്റൽ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടക്കുക. ഇതടക്കം 24 പരീക്ഷണോപകരണങ്ങളാണ് റോക്കറ്റിൽ തയ്യാറാക്കിയ ലബോറട്ടറിയിൽ ചെയ്യുന്നത്. 14 എണ്ണം ഐ.എസ്.ആർ.ഒയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിർമ്മിച്ചതാണ്. സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിർമ്മിച്ചവയാണ് ബാക്കിയുള്ള 10 ഉപകരണങ്ങൾ. ബഹിരാകാശമാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ പരീക്ഷണമാണ് അതിലൊന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |