കട്ടപ്പന: ഒരു ആടിന് 3.11 ലക്ഷം. കോഴിക്ക് 4,000 രൂപ. ക്യാൻസർ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കട്ടപ്പനയ്ക്കടുത്ത് മേലേചിന്നാറിൽ നാട്ടുകാർ നടത്തിയ ജനകീയ ലേലത്തിലാണ് ആടും കോഴിയുമൊക്കെ വൻതുകയ്ക്ക് വിറ്റുപോയത്. മേലേചിന്നാർ വളയത്ത് ജിൻസ്‌മോന് വേണ്ടിയാണ് (43) നാട് ഒരുമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30മുതൽ പുലർച്ചെ നാലു വരെയായിരുന്നു ലേലം.
പ്രായമായ അച്ഛനും അമ്മയും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് ജിൻസ്‌മോന്റെ കുടുംബം.
ജിൻസ്‌മോന് ഒരു വർഷം മുമ്പാണ് ക്യാൻസർ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ. ആഴ്ചയിൽ ഒരു തവണ കീമോതെറാപ്പി ചെയ്യുന്നുണ്ട്. പെയിന്റിംഗ് ജോലി ചെയ്തിരുന്ന ജിൻസ്‌മോന് അതിന് പോകാൻ കഴിയാതെ വന്നതോടെ സുമനസുകളുടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ഇപ്പോൾ അതിനും കഴിയാതായി.
മജ്ജ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അതിന് 20 ലക്ഷത്തോളം രൂപ വേണം. അതിനായാണ് നാട്ടുകാർ സഹായനിധി രൂപീകരിച്ച് ജനകീയ ലേലം ഉൾപ്പെടെ നടത്തിയത്. ഇനി 15 ലക്ഷത്തോളം രൂപ കൂടി കണ്ടെത്തണം. അതിനായി നെടുങ്കണ്ടത്ത് ഗാനമേള സംഘടിപ്പിച്ചു. ഇന്നു വൈകിട്ട് അഞ്ചിന് പെരിഞ്ചാംകുട്ടി സിറ്റിയിലും ഗാനമേള നടത്തുന്നുണ്ട്. ഫാ.സക്കറിയ കുമ്മണ്ണൂപ്പറമ്പിൽ ചെയർമാനും സജി പേഴത്തുവയലിൽ കൺവീനറും നെടുങ്കണ്ടം പഞ്ചായത്തംഗം രാജേഷ് ജോസഫ് കോ ഓർഡിനേറ്ററുമായാണ് സഹായനിധി പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |