ചെന്നൈ: പാമ്പിനൊപ്പം വീഡിയോ ചെയ്ത യൂട്യൂബർ വിവാദത്തിൽ. "ടി ടി എഫ് വാസൻ" എന്ന യൂട്യൂബറാണ് വളർത്തു പാമ്പിനൊപ്പമുള്ള വീഡിയോ ചെയ്തതിന് പിന്നാലെ വിവാദത്തിലായത്. താൻ പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി വാസൻ അടുത്തിടെ സബ്‌സ്‌ക്രൈബേഴ്സിനെ അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ കോയമ്പത്തൂരിലെ പെറ്റ് ഷോപ്പിൽ പാമ്പിനെ വാങ്ങാൻ പോയ വീഡിയോ വാസൻ പങ്കുവച്ചിരുന്നു. ഡിസംബർ ഇരുപത്തിയെട്ടിനാണ് 25 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. താനൊരു മൃഗസ്‌നേഹിയെണെന്നും എന്തുകൊണ്ടാണ് പാമ്പിനെ വാങ്ങാൻ തീരുമാനിച്ചതെന്നുമൊക്കെ വീഡിയോയിൽ പറയുന്നുണ്ട്.
തുടർന്ന് അപൂർവയിനത്തിൽപ്പെട്ട പെരുമ്പാമ്പിനെ കൈയിൽ ചുറ്റി വാഹനമോടിക്കുന്നതും പാമ്പിനെ കഴുത്തിലിടുന്നതുമൊക്കെ വീഡിയോയിലുണ്ടായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ വനംവകുപ്പ് ഇടപെട്ടു.
1976ലെ വന്യജീവി (സംരക്ഷണം) നിയമത്തിന് കീഴിൽ ഉൾപ്പെടാത്ത വിദേശ സ്പീഷീസായ ബോൾ പൈത്തണെയാണ് യൂട്യൂബർ സ്വന്തമാക്കിയത്. നിയമപരമായ രീതിയിൽ ഈ പാമ്പിനെ വാങ്ങാനും വീട്ടിൽ വളർത്താനുമുള്ള അവകാശമുണ്ട്. യൂട്യൂബർ നിയമങ്ങൾ പാലിച്ചാണോ പാമ്പിനെ വാങ്ങിയതെന്നും പാമ്പിനെ വിറ്റയാളുടെ കൈവശം ആവശ്യമായ രേഖകൾ ഉണ്ടോയെന്നും വനംവകുപ്പ് പരിശോധിച്ചു വരികയാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ പറഞ്ഞു. വിവാദ നായകനാണ് ടി ടി എഫ് വാസൻ. ഗതാഗത നിയമം ലംഘിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |