ഹൈദരാബാദ്: എട്ടാം സന്തോഷ് ട്രോഫി കിരീടമെന്ന കേരളത്തിന്റെ മധുര സ്വപ്‌നത്തെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ തകർത്ത് 33-ാം വട്ടവും ചാമ്പ്യന്മാരായി ബംഗാൾ. ഇന്നലെ ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയം വേദിയായ ഫൈനലിൽ രണ്ടാം പകുപതിയുടെ അധികസമയത്ത് (90+2) നേടിയ ഗോളിന്റെ പിൻബലത്തിൽ 1-0ത്തിനാണ് ബംഗാൾ കിരീടമുറപ്പിച്ചത്. രണ്ടാം പകുതിയുടെ അധികസമയത്ത് റോബിഹൻസ്ദയാണ് ബംഗാളിന്റെ കിരീടമുറപ്പിച്ച ഗോൾ നേടിയത്. ടൂർണമെന്റിൽ ആകെ 12 ഗോൾ നേടിയ റോബിഹൻസ്ദയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ഇത്തവണ സന്തോഷ് ട്രോഫിയിൽ കേരളം വഴങ്ങുന്ന ആദ്യ തോൽവിയാണ് ഫൈനലിലേത്.
നോ ഫിനിഷിംഗ്
നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവാണ് ഫൈനലിൽ കേരളത്തിന് തിരിച്ചടിയായത്.
ഗോൾരഹതം ആദ്യ പകുതി
ബംഗാളിന്റെ നീകകത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ബംഗാൾ രണ്ട് ഫ്രീകിക്കുകൾ നേടിയെടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. ആറാം മിനിട്ടിൽ കേരളത്തിന്റെ ഗോളടിയന്ത്രം നസീബിന്റെ ആക്രമണം ബംഗാൾ പ്രതിരോധത്തിൽ തട്ടി നിർവീര്യമായി.11-ാം മിനിട്ടിൽ നിജോ ഗിൽബർട്ടിന്റെ പാസിൽ അജാസാലിന്റെ തകർപ്പൻ ഹെഡ്ഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 22-ാം മിനിട്ടിൽ ബംഗാളിന്റെ റോബിഹൻസ്ദയുടെ ഗോൾശ്രമവും ക്രോസ് ബാറിന് മുകളിലൂടെ പോയി. തുടർന്നും ഇരുടീമുകളും അവസരങ്ങളുണ്ടാക്കിയെടുത്തെങ്കിലും വലകുലുക്കാനായില്ല. കേരളാ ഗോളി ഹജ്മൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
പടിക്കൽ കലമുടച്ചു
രണ്ടാം പകുതിയിൽ ഇരുടീംമും ആക്രമണം കടുപ്പിച്ചു. 55-ാം മിനിട്ടിൽ അജ്സാൽ നല്ലൊരവസരം നഷ്‌ടപ്പെടുത്തി.മത്സരം അവസാനത്തോടടുക്കുമ്പോൾ ബംഗാൾ തുടർ ആക്രമണം നടത്തി.
തൊണ്ണൂറ് മിനിട്ട് അവസാനിച്ച ശേഷം അധികം കിട്ടിയ 6 മിനിട്ടിൽ രണ്ടാം മിനിട്ടിൽ തന്നെ ക്ലോസ്റേഞ്ച് ഫിനിഷിംഗിലൂടെ റോബിഹൻസ്‌ദ കേരളത്തിന്റെ വലകുലുക്കി. തുടർന്ന് കേരളത്തിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ക്രിക്കറ്റിലും ബംഗ്ലാഷോക്ക്
ഫുട്ബോളിലെ പോലെ ക്രിക്കറ്റിലും കേരളം ബംഗാളിനോട് തോൽവി വഴങ്ങി. ഹൈദരാബാദിൽ തന്നെ ഇന്നലെ വിജയ് ഹസാരെ ട്രോഫിയിൽ 24 റൺസിനാണ് കേരളം ബംഗാളിനോട് തോറ്റത്.
33-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി കിരീടം നേടുന്നത്. സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ ടീം.
കഴിഞ്ഞ 2 തവണ ഇരുടീമും ഫൈനലിൽ മുഖാമുഖം വന്നപ്പോൾ കേരളത്തിനായിരുന്നു ജയം.
16- തവണ ഫൈനലിലെത്തിയ കേരളത്തിന്റെ 9-ാം തോൽവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |