പാലക്കാട് : പാലക്കാട് വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ജുൾ കരീമിന്റെ മകൾ ഷഹന ഷെറിനെ കാണാതായി ആറു ദിവസം കഴിയുമ്പോഴാണ് അന്വേഷണ സംഘം രേഖാചിത്രം പുറത്തുവിട്ടത്. ട്രെയിനിലെ സഹയാത്രികന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ ഷഹന യാത്ര ചെയ്തിരുന്നതായി സംശയമുണ്ട്. കേസിൽ അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് രേഖാചിത്രം പുറത്തുവരുന്നത്.
ഡിസംബർ 20ന് രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷനു പോയ പെൺകുട്ടി കൂട്ടുകാരികളോട് ബന്ധുവീട്ടിലേക്കെന്ന് പോകുന്നു എന്ന് പറഞ്ഞാണ് സ്ഥലം വിട്ടത്. കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.
പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അദ്ധ്യാപകർ മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം മുന്നോട്ടുപോകുന്നതിൽ ഷഹനയുടെ വസ്ത്രവും പൊലീസിന് വെല്ലുവിളിയായി.
ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ നടത്തിയ അന്വേഷണത്തിൽ സിസി ടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈ. എസ്.പിമാർ, സി.ഐമാർ, എസ്.ഐമാർ അടങ്ങുന്ന 36 അംഗസംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |