അഹമ്മദാബാദ് : പത്തുവയസുകാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിക്കൊടുവിൽ പെൺകുട്ടിയെ 16കാരനോടൊപ്പം കണ്ടെത്തി. ഗുജറാത്തിലെ ധൻസുര ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരനുമായി പെൺകുട്ടി ഒളിച്ചോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡിസംബർ 31നാണ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിലും കണ്ടെത്താനാകാത്തതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം സമീപഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇവർ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നാണ് ഇൻസ്റ്രഗ്രാം ഉപയോഗിച്ചത്. പെൺകുട്ടി പതിവായി 16കാരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ പരാതിയിൽ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |