സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാരുടെ അടുത്ത ബന്ധുക്കളെ ജഡ്‌ജിമാരാക്കാൻ ശുപാർശ ചെയ്യുന്നതു സംബന്ധിച്ച് കൊളീജിയം മാറി ചിന്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ മക്കളെയും ബന്ധുക്കളെയും ശുപാർശ ചെയ്യുന്നതു വഴി ജുഡിഷ്യറിയിൽ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നീക്കമെന്നറിയുന്നു. രാജ്യത്തെ ഹൈക്കോടതി ജഡ്‌ജിമാരിൽ പകുതിയോളവും സിറ്റിംഗ് ജഡ്‌ജിമാരുടെയോ വിരമിച്ച ജഡ്‌ജിമാരുടെയോ ബന്ധുക്കളാണെന്ന് എൻ.ജെ.എ.സി കേസിന്റെ വാദത്തിനിടെ സുപ്രീംകോടതിയിൽ ഒരു അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒന്നാം തലമുറ അഭിഭാഷകർക്ക് ജഡ്‌ജിമാരാവാൻ കൂടുതൽ അവസരമൊരുക്കാൻ കൂടി ലക്ഷ്യമിട്ടാവാം പുതിയ നീക്കം.
ജഡ്‌ജിമാരുടെ ബന്ധുക്കളായ അഭിഭാഷകരെയും ജുഡിഷ്യൽ ഉദ്യോഗസ്ഥരെയും ശുപാർശ ചെയ്യേണ്ടതില്ലെന്ന ആശയം സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്‌ജിമാരിലൊരാളാണ് മുന്നോട്ടുവച്ചത്. കൊളീജിയത്തിലെ മറ്റ് ജഡ്‌ജിമാരും ഇതിനോട് യോജിക്കുകയാണ് ചെയ്തത്. അങ്ങനെ വരുമ്പോൾ ജഡ്‌ജിമാരുടെ ബന്ധുക്കളിൽ യോഗ്യരായ എല്ലാവരും തഴയപ്പെടും എന്നൊരു സാഹചര്യമുണ്ടാകും. അതിനാൽ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തിൽ വേണം മാറ്റങ്ങൾ കൊണ്ടുവരേണ്ടത്. സിറ്റിംഗ് ജഡ്‌ജിമാരുടെ മക്കളെ ഒഴിവാക്കുന്നത് പരിഗണിക്കാവുന്നതാണ്. അതേസമയം വർഷങ്ങക്കു മുമ്പ് മാതാപിതാക്കളിൽ ഒരാൾ ജഡ്‌ജിയായിരുന്നു എന്ന കാരണം പറഞ്ഞ്, വിധിന്യായങ്ങൾ എഴുതുന്നതിൽ മികവു പ്രകടിപ്പിച്ച ജുഡിഷ്യൽ ഉദ്യോഗസ്ഥരെ പരിഗണിക്കാതിരിക്കുന്നത് ന്യായമായ കാര്യമല്ല. ജഡ്‌ജിമാർ തന്നെ ജഡ്‌ജിമാരെ നിയമിക്കുന്നു എന്നൊരു ആക്ഷേപം കൊളീജിയം സമ്പ്രദായത്തിനെതിരെ വാദിക്കുന്നവർ ചൂണ്ടിക്കാട്ടാറുണ്ട്.
ഐ.എ.എസുകാരെയും മറ്റും തിരഞ്ഞെടുക്കുന്ന രീതിയിൽ ദേശീയ ജുഡിഷ്യൽ കമ്മിഷൻ രൂപീകരിച്ച് ജഡ്‌ജിമാരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കുകയാണ് ചെയ്തത്. ജഡ്‌ജിമാരെ കണ്ടെത്താൻ നിലവിലുള്ള കൊളീജിയം സമ്പ്രദായം തുടരുന്നതാണ് നല്ലത് എന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. ജഡ്‌ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണെന്നതിനാൽ ശുപാർശ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനേ കൊളീജിയത്തിന് കഴിയൂ. പല കാരണങ്ങളാൽ ഈ ശുപാർശകൾ കേന്ദ്രം വൈകിക്കുന്നു എന്ന പരാതിയും കൊളജീയത്തിനുണ്ട്. കൊളീജിയം സംവിധാനത്തിൽ ജനങ്ങൾ സംതൃപ്തരല്ലെന്നും ജഡ്ജിമാരെ നിയമിക്കേണ്ടത് സർക്കാരാണെന്നും നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന മുൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് ഒടുവിൽ നിയമ മന്ത്രിസ്ഥാനം നഷ്ടപ്പെടുകയാണ് ചെയ്തത്. ജഡ്‌ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാർക്ക് മേൽക്കൈ ഉണ്ടാകുന്നത് ആശാസ്യമല്ല. അപ്പോൾ ജഡ്‌ജിമാരായി മന്ത്രിമാരുടെയും മറ്റും ബന്ധുക്കളും മക്കളും വരുന്ന അവസ്ഥയുണ്ടാകാം.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയും അന്നത്തെ നിയമ മന്ത്രിയും മുൻ ന്യായാധിപനും കൂടിയായിരുന്ന എച്ച്.ആർ. ഗോഖലയും നടത്തിയ ഇടപെടലുകൾ സുപ്രീംകോടതിയിൽ നിന്ന് മികവുറ്റ ന്യായാധിപന്മാരുടെ രാജിക്ക് ഇടയാക്കിയതൊന്നും ആർക്കും മറക്കാനാവുന്നതല്ല. വ്യവസ്ഥയ്ക്ക് ചീത്തപ്പേരുണ്ടാകാത്ത രീതിയിൽ ജഡ്‌ജിമാരുടെ നിയമനം സുതാര്യമായി മാറുകയാണ് വേണ്ടത്. ഹൈക്കോടതി ജഡ്‌ജി സ്ഥാനത്തേക്ക് പരിഗണിക്കാൻ ശുപാർശ ചെയ്യുന്നതിന് മുമ്പുതന്നെ കൊളീജിയം അവരുമായി കൂടിക്കാഴ്ച നടത്തി വിലയിരുത്താനുള്ള പുതിയ തീരുമാനം സ്വാഗതാർഹമാണ്. സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്ന ജഡ്‌ജിമാരുടെയും ജഡ്‌ജിമാരാക്കാൻ ഉദ്ദേശിക്കുന്ന അഭിഭാഷകരുടെയും കോടതി നടപടികൾ കൊളീജിയം പരിശോധിക്കുന്നതും നല്ലതാണ്. ഭരണഘടനയുടെ കാവൽഭടന്മാരാണ് ജഡ്‌ജിമാർ. അതിനാൽ ഉന്നതമായ തൊഴിൽ നൈതികത പുലർത്തുന്നവർ വേണം ആ സ്ഥാനങ്ങളിൽ വരേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |