അമേരിക്കയിൽ നോറോവൈറസുകൾ മനുഷ്യരിലേക്ക് വ്യാപിക്കുന്നുവെന്ന് അടുത്തിടെ ആരോഗ്യവിദഗ്ദർ വെളിപ്പെടുത്തിയിരുന്നു. ഡിസംബർ മാസത്തിൽ ആദ്യവാരം തന്നെ 90ൽ അധികം കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ ലോസ് ഏഞ്ചൽസിലെ ഒരു ഭക്ഷണശാലയിൽ നിന്ന് പാകം ചെയ്യാത്ത ചിപ്പി കഴിച്ച് നോറോവൈറസ് ബാധിതരായി 80ൽ അധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് ചിപ്പികൾ ഇറക്കുമതി ചെയ്തത്.
വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ചിപ്പി അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ വിതരണം ചെയ്തിരുന്നു. കേരളത്തിലും നോറോവൈറസ് ബാധ ഉണ്ടായിട്ടുണ്ട്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്. എന്താണ് നോറോവൈറസ്? ലക്ഷണങ്ങൾ എന്തെല്ലാമാണ്?ചികിത്സ, മുൻകരുതൽ തുടങ്ങിയവ പരിശോധിക്കാം.
നോറോവൈറസ്
വ്യാപനശേഷി കൂടുതലായ ഒരു വൈറസാണിത്. ഇത് 'വിന്റർ വോമിറ്റിംഗ് ബഗ്' എന്നും അറിയപ്പെടുന്നുണ്ട്. മലിനീകരണപ്പെട്ട ഭക്ഷണം, വെളളം,മറ്റുളള സ്ഥലങ്ങൾ തുടങ്ങിയവയിൽ നിന്നും വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കാം. മലമൂത്രവിസർജനത്തിലൂടെയും നോറോവൈറസ് ബാധിക്കാം. ഇത് ഡയേറിയ ഉണ്ടാക്കുന്ന റോട്ടാവൈറസിന് സമാനമാണ്. ഏത് പ്രായത്തിലുളളവരെയും നോറോവൈറസ് ബാധിക്കാം.
ക്രൂയിസ് കപ്പലുകൾ,നഴ്സിംഗ് ഹോമുകൾ. ഡോർമിറ്ററീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നോറോവൈറസ് പകരാനുളള സാദ്ധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് നോറോവൈറസ്, ദീർഘനാളുകളായുളള കുടൽവീക്കം, പോഷകാഹാരക്കുറവ് തുടങ്ങിയ അവസ്ഥകളിലൂടെയും പിടിപെടാം. പ്രതിവർഷം 685 ദശലക്ഷകണക്കിന് നോറോവൈറസ് ബാധകൾ ഉണ്ടാകാറുണ്ട്. ഇതിൽ 200 ദശലക്ഷം കേസുകളും ഉണ്ടാകുന്നത് അഞ്ച് വയസിന് താഴെയുളള കുട്ടികളിലാണ്. അതേസമയം, അമേരിക്കയിലെ ഭക്ഷ്യജന്യരോഗങ്ങളുടെ പ്രധാനകാരണം നോറോവൈറസാണെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നത്. അമേരിക്കയിൽ ജനങ്ങൾക്കുണ്ടാകുന്ന ഭക്ഷ്യജന്യരോഗങ്ങളുടെ 58 ശതമാനത്തിനും കാരണം നോറോവൈറസാണ്.
ലക്ഷണങ്ങൾ
നോറോവൈറസ് നമ്മുടെ ശരീരത്തിലെത്തിയാൽ പലതരം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ഛർദ്ദിയാണ് ആദ്യലക്ഷണം.വൈറസ് ശരീരത്തിലേക്ക് കടന്ന് ഒന്നോ രണ്ടോ ദിവസത്തിനുശേഷം ഇടതടവില്ലാതെ ഛർദ്ദി ഉണ്ടാകും. കൂടാകെ വയറുവേദന, പനി, തലവേദന, ശരീരവേദന, ബലഹീനത, വരണ്ട വായ,പേശിവേദന തുടങ്ങിയവ സാധാരണ ലക്ഷണങ്ങളാണ്. ഈ അവസ്ഥ മൂർച്ഛിച്ചാൽ ശരീരത്തിൽ നിന്ന് അമിത അളവിൽ ജലം നഷ്ടമായി നിർജലീകരണ അവസ്ഥ ഉണ്ടാകും.
മുൻകരുതൽ
ഒരു തവണ നോറോവൈറസ് ശരീരത്തിനുളളിൽ പ്രവേശിച്ചാൽ പൂർണമായി മാറാൻ സമയമെടുക്കും. അതിനാൽത്തന്നെ ശുചിത്വം പാലിക്കേണ്ടത്. ഈ വൈറസിന് 60 ഡിഗ്രി സെൽഷ്യസ് താപനിലയിൽ തുടരാനുളള ശേഷിയുണ്ട്. മലമൂത്രവിസർജനം നടത്തിയതിനുശേഷം സോപ്പോ,ഹാൻഡ്‌വാഷോ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും കൈകൾ വൃത്തിയാക്കാൻ മറക്കാതിരിക്കുക. നോറോവൈറസ് ഉണ്ടാകാനിടയുളള സ്ഥലങ്ങളിൽ ഇടയ്ക്കിടയ്ക്ക് അണുവിമുക്തീകരണം ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. അതുപോലെ വൈറസ് ബാധിതർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുക. നോറോവൈറസ് ബാധയെ നിസാരമായി കാണാതിരിക്കുക. ശരിയായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതര രോഗാവസ്ഥയ്ക്കും കാരണമാകാം.
ചികിത്സ
സ്വയം ശ്രദ്ധിക്കുകയെന്നതാണ് പ്രധാന ചികിത്സ. അണുബാധ കുറഞ്ഞത് മൂന്ന് ദിവസം വരെ ഉണ്ടാകാം. ഇതിന് പ്രത്യേക വാക്സിനോ മരുന്നുകളോ ഇല്ല. പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനകളിലൂടെയും ക്വാണ്ടിറ്റേറ്റീവ് പിസിആർ പരിശോധനകൾ വഴിയും നോറോവൈറസ് ബാധ നിർണയിക്കാവുന്നതാണ്. മണിക്കൂറുകൾക്കകം തന്നെ പരിശോധനാഫലവും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |