ന്യൂഡൽഹി: ഹിന്ദുത്വ ആശയങ്ങളുടെ ഉപജ്ഞാതാക്കളിൽ ഒരാളായ വീർ സവർക്കറിന്റെ പ്രതിമയിൽ ചെരുപ്പ് മാല സ്ഥാപിച്ച കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യയുടെ പ്രവർത്തകർ പ്രതിമയുടെ മുഖത്ത് കറുത്ത ചായമടിച്ചു. ഡൽഹി സർവകലാശാലയുടെ അനുമതിയില്ലാതെ എ.ബി.വി.പി പ്രവർത്തകർ നോർത്ത് ക്യാംപസിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന പ്രതിമയിലാണ് എൻ.എസ്.യു.ഐ പ്രവർത്തകർ ചായമടിച്ചത്. ഡൽഹി സർവകാലാശ യൂണിയൻ പ്രസിഡന്റും എ.ബി.വി.പി നേതാവുമായ ശക്തി സിംഗാണ് കോളേജിന് പുറത്ത് പ്രതിമ സ്ഥാപിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ എൻ.എസ്.യു പ്രവർത്തകർ പ്രതിമയിൽ ചെരുപ്പുമാല അണിയിക്കുകയായിരുന്നു.
അതേസമയം, പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നുവെന്നും എന്നാൽ അനുകൂലമായ മറുപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സ്വയം പ്രതിമ സ്ഥാപിച്ചതെന്നും ശക്തി സിംഗ് പറഞ്ഞു. സർവകലാശാല അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി കത്തുകൾ എഴുതിയിരുന്നു. മാർച്ചിൽ ഇക്കാര്യം ആവശ്യപ്പെട്ട് മാർച്ചിൽ വൈസ് ചാൻസലറെ കാണുകയും ചെയ്‌തു. എന്നാൽ യൂണിയന്റെ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാക്കൾക്ക് പ്രചോദനം നൽകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശക്തി സിംഗ് വ്യക്തമാക്കി. സവർക്കറിന്റേതിന് പുറമെ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെയും പ്രതിമകൾ എ.ബി.വി.പി സ്ഥാപിച്ചിരുന്നു. അതേസമയം, പ്രതിമ സ്ഥാപിച്ചത് ചട്ടങ്ങൾ മറികടന്നുകൊണ്ടാണെന്ന് വ്യക്തമാക്കിയ സർവകലാശാല അധികൃതർ ഇന്നലെ തന്നെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |