ലക്‌നൗ: ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്. ലോകത്തിലെ തന്നെ പല ഇടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഈ സമയം ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. തീർത്ഥാടകരുടെ തിരക്ക് മാനിച്ച് വൻ പദ്ധതികളാണ് ഇത്തവണ റെയിൽവേ ആസൂത്രണം ചെയ്യുന്നത്.
1609 കോടിയുടെ പദ്ധതികളാണ് പ്രയാഗ്‌രാജിലും വാരണാസി ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിലും നടപ്പാക്കുന്നത്. 1400 സി.സി ടിവി ക്യാമറകളും 200 ഫെയ്സ് റെക്കഗ്നെസിംഗ് ക്യാമറകളും സ്റ്റേഷനുകളിൽ സജ്ജമാക്കി. പ്രയാഗ്‌രാജ് ജംഗ്ഷൻ സ്റ്റേഷനിലെ സർവൈലൻസ് റൂമിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനം സജ്ജമാണ്.
കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. 13,000ലേറെ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് സർവീസ് നടത്തും. 2025 മഹാകുംഭമേളയോട് അനുബന്ധിച്ച് 10,000 റെഗുലർ ട്രെയിനുകളും 3000 സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തും. ഈ 3000 സ്പെഷ്യൽ ട്രെയിനുകളിൽ 1800 ട്രെയിനുകൾ ഹ്രസ്വദൂരത്തിനും 700 ട്രെയിനുകൾ ദീർഘദൂരത്തിനും 560 ട്രെയിനുകൾ റിംഗ് റെയിൽ ലെെനിലും സർവീസ് നടത്തും.
പ്രയാഗ്‌രാജ് - അയോദ്ധ്യ - വാരണാസി - പ്രയാഗ്‌രാജ്, പ്രയാഗ്‌രാജ് - സംഗം പ്രയാഗ്- ജൗൻപൂർ- പ്രയാഗ്- പ്രയാഗ്‌രാജ്, ഗോവിന്ദ്പുരി-പ്രയാഗ്‌രാജ്-ചിത്രകൂട്-ഗോവിന്ദ്പുരി, ഝാൻസി-ഗോവിന്ദ്പുരി-പ്രയാഗ്‌പൂർ-മാണികപൂർ- ചിത്രകൂട്-ഝാൻസി എന്നീ റൂട്ടിലൂടെയാകും റിംഗ് റെയിൽ സർവീസ് നടത്തുക.
10 സ്റ്റേഷനുകളിലായി 560 ഓളം ടിക്കറ്റ് കൗണ്ടറുകളും റെയിൽവേ തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം 10 ലക്ഷത്തോളം ടിക്കറ്റുകൾ ഈ കൗണ്ടറിൽ നിന്ന് നൽകാൻ കഴിയും. പ്രയാഗ്‌രാജ് ജംഗ്ഷൻ, സുബേദർഗഞ്ച്, നൈനി, പ്രയാഗ്‌രാജ് ഛേകി, പ്രയാഗ് ജംഗ്ഷൻ, ഫഫാമൗ, പ്രയാഗ്‌രാജ് രാംബാഗ്, പ്രയാഗ്‌രാജ് സംഘം, ജുൻസി എന്നി സ്ഥലങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകൾ തുറക്കുന്നത്.
തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് 18,000ത്തിലധികം ആർപിഎഫ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി പ്രയാഗ്‌രാജിലേക്ക് എത്തിക്കുമെന്ന് നോർത്ത് സെൻട്രൽ റെയിവേ ജനറൽ മാനേജർ ഉപേന്ദ്ര ചന്ദ്ര ജോഷി അറിയിച്ചു. കൂടാതെ കൂടുതൽ വിശ്രമമുറികളും വെെദ്യസഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |